കുറഞ്ഞ സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം എന്ന് മാത്രമല്ല വിശപ്പും വേഗം അടങ്ങിക്കോളും ന്യൂഡിൽസ് ഉണ്ടെങ്കിൽ. രാത്രിയെന്നോ പകലെന്നോ നട്ടപ്പാതിരയെന്നോ ഇല്ലാതെ നമ്മൾ ഈ നൂഡിൽസിനെ ആശ്രയിക്കാറുണ്ട്. കൊതിയൂറും രുചി തന്നെയാണ് നൂഡിൽസിൽ അഭയം കണ്ടെത്താൻ പലരേയും പ്രേരിപ്പിക്കുന്നതെന്നത് മറ്റൊരു കാര്യം. എന്നാൽ ശരിക്കും ഈ നൂഡിൽസ് തീറ്റ ആരോഗ്യകരമാണോ? രണ്ടാമതൊന്ന് ആലോചിക്കേണ്ട, അല്ല. എന്തുകൊണ്ടെന്നല്ലേ? വിശദമായി പറയാം
1. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ പോഷക ഗുണങ്ങൾ ഒന്നും തന്നെ നൂഡിൽസിൽ ഇല്ല. പകരം ഉയർന്ന കലോറിയുള്ള ഭക്ഷണമാണ് ഇത്. സ്ഥിരം ഇൻസ്റ്റന്റ് നൂഡിൽസിനെ ആശ്രയിക്കുന്നവരെങ്കിൽ തീർച്ചയായും നിങ്ങൾ വലിയ വിലകൊടുക്കേണ്ടി വരും.
2.മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (MSG) അടങ്ങിയിരിക്കുന്നു- നൂഡിൽസിന് രുചി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇവ പൊതുവെ സുരക്ഷിതമാണെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പറയുന്നത്. എന്നാൽ ഇതിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയു്നനത് ഉയർന്ന എംഎസ്ജി ഉപഭോഗം ശരീരഭാരം, തലവേദന, ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്.
3.ഉയർന്ന അളവിൽ സോഡിയം ഉണ്ട്-അമിതമായ സോഡിയം ഉപഭോഗം നമ്മുടെ അവയവങ്ങളെ നശിപ്പിക്കുമത്രേ.കൂടാതെ രക്താതിമർദ്ദം (ഉയർന്ന രക്തസമ്മർദ്ദം), ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഹൃദ്രോഗ പ്രശ്നങ്ങളൊക്കെ ഉള്ളവർ അതുകൊണ്ട് തന്നെ ഈ വഴി പോകരുതെന്ന് സാരം.
4. മൈദ കൊണ്ടാണ് പലപ്പോഴും ഈ നൂഡിൽസ് തയ്യാറാക്കാറുള്ളത്. ധാന്യങ്ങളെ അപേക്ഷിച്ച് മൈദയിൽ നാരുകളും അവശ്യ പോഷകങ്ങളും കുറവാണ്. വലിയ അളവിൽ മൈദ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഇവ കഴിക്കുന്നത് അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും.
5. ചീത്ത കൊഴുപ്പ്, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയ ഉത്പന്നമാണ് നൂഡിൽസ്.ഇവ എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് വർധിക്കാൻ കാരണമാകുന്നു. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
6.ഹാനികരമായ പ്രിസർവേറ്റീവുകൾ, നൂഡിൽസിൽ ടെർഷ്യറി ബ്യൂട്ടൈൽഹൈഡ്രോക്വിനോൺ (TBHQ), ബ്യൂട്ടൈലേറ്റഡ് ഹൈഡ്രോക്‌സിയാനിസോൾ (BHA) പോലുള്ള പ്രിസർവേറ്റീവുകൾ ഉണ്ട്. ഈ രാസവസ്തുക്കൾ ചെറിയ അളവിൽ സുരക്ഷിതമാണെങ്കിലും, ദീർഘകാല ഉപഭോഗം ദോഷകരമാണ്. ഇവ നാഡീസംബന്ധമായ തകരാറുകൾ, ലിംഫോമയ്ക്കുള്ള സാധ്യത, കരൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.