India

പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത് വനിതാ പൊലീസ് സംഘം, വിമാനത്താവളവും വളഞ്ഞ് പെൺപട

വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ സുമന്‍ ഡി പെന്നേകര്‍, സീമ ലട്കര്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്

ബംഗളൂരു : ലൈംഗിക പീഡനക്കേസില്‍ ജെഡിഎസ് എംപിയായിരുന്ന പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത് വനിതാ പൊലീസ് സംഘം. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവില്‍ വിമാനം ഇറങ്ങിയ ഉടന്‍ പ്രജ്വല്‍ രേവണ്ണയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാനായി നേരത്തെ തന്നെ ബംഗളൂരു വിമാനത്താവളത്തില്‍ വനിതാ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ സുമന്‍ ഡി പെന്നേകര്‍, സീമ ലട്കര്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. 33 കാരനായ പ്രജ്വല്‍ വിമാനമിറങ്ങിയ ഉടന്‍ വനിതാ പൊലീസ് സംഘം വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയെ സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി. ലൈംഗികപീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഏപ്രില്‍ 27 ന് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നുകളയുകയായിരുന്നു.

മ്യൂണിച്ചില്‍ നിന്നും ബംഗളൂരുവിലിറങ്ങിയ പ്രജ്വലിനെ കാക്കി വേഷക്കാരായ വനിതകളാണ് സ്വീകരിച്ചത്. ശക്തമായ സന്ദേശം നല്‍കുക ലക്ഷ്യമിട്ടാണ് വനിതാ പൊലീസിനെ പ്രജ്വലിനെ അറസ്റ്റ് ചെയ്യാന്‍ അയച്ചതെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. എംപി എന്ന പദവി ദുരുപയോഗം ചെയ്താണ് പ്രജ്വല്‍ സ്ത്രീകളെ ഉപദ്രവിച്ചത്.

അതുകൊണ്ടു തന്നെ സ്ത്രീകളെ പ്രജ്വലിനെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ കൈകളിലെത്തിക്കാന്‍ നിയോഗിക്കുകയായിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയും ഭയക്കുന്നവരല്ല എന്ന സന്ദേശം നല്‍കുക കൂടി ലക്ഷ്യമിട്ടായിരുന്നു വനിതാ സംഘത്തെ തന്നെ നിയോഗിച്ചതെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയായിരുന്നു പ്രജ്വലിന്റെ കുറ്റകൃത്യം. അതിനാല്‍ സ്ത്രീകളുടെ അധികാരം അറിയിക്കുക കൂടിയാണ് നടപടിയിലൂടെ ലക്ഷ്യമിട്ടതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽ നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പ്രജ്വലിനെ പുറത്തെത്തിക്കുകയായിരുന്നു. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ പ്രതിയിൽ നിന്നും കണ്ടെത്താനായില്ല. പ്രജ്വലില്‍നിന്ന് പിടിച്ചെടുത്ത 2 ഫോണുകളും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചവയല്ല. നശിപ്പിച്ചെന്ന് തെളിഞ്ഞാൽ കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. പാർട്ടിയിലെ വനിതാ നേതാക്കളും സർക്കാർ ഉദ്യോ​ഗസ്ഥകളും ഉൾപ്പെടെ സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി പുറത്തു വന്നത്.