Video

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

ദീര്‍ഘദൂര യാത്രകളില്‍ മത്സരയോട്ടം പാടില്ല. ബസുകള്‍ നിര്‍ത്തുമ്പോള്‍ ഇടതുവശം ചേര്‍ത്ത് ഒതുക്കി നിര്‍ത്തണം. രണ്ട് വശത്ത് നിന്നും സമാന്തരമായി നിര്‍ത്തരുത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്. അനാവശ്യമായി ഡീസല്‍ പാഴാക്കരുതെന്നും മന്ത്രിയുടെ നിര്‍ദേശമുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയിലെ ബ്രീത്ത് അനലൈസര്‍ പരിശോധന ഫലപ്രാപ്തിയിലേക്കെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ബസ് ഇടിച്ചുണ്ടാകുന്ന മരണത്തിലും അപകടത്തിലും ഗണ്യമായ കുറവുണ്ട്. അഞ്ചു മുതല്‍ ഏഴ് അപകടമരണങ്ങളാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ പരിശോധന ആറ് ആഴ്ച പിന്നിടുമ്പോള്‍ പൂജ്യം മുതല്‍ ഒന്നു വരെയാണ് മരണമെന്നും മേജര്‍ ആക്‌സിഡന്റുകളുടെ എണ്ണം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

ബസ് തടഞ്ഞ് നിര്‍ത്തുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്ന് യാത്രക്കാര്‍ക്കുള്ള നിര്‍ദേശത്തില്‍ മന്ത്രി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരെ അടിക്കരുത്. ജനങ്ങള്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട. അത് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. യാത്രക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ വീഡിയോ എടുത്ത് അയക്കാമെന്നും ഇതിനായി വാട്‌സ്ആപ്പ് നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് ബസാണ്, അനാവശ്യമായി ചവിട്ടിയാൽ വണ്ടി നീങ്ങില്ല, ആവശ്യത്തിന് ആക്സിലേറ്റർ കൊടുത്താൽ മതിയെന്നും ഡ്രൈവർ മാരോട് ഗതാഗത മന്ത്രി താക്കീത് നൽകി.

Latest News