ആയിരം കോഴിക്ക് അര കാട എന്നു പറയുന്നതു പോലെയാണ് KSRTC യിലെ കാര്യങ്ങള്‍, എത്ര തെറ്റുകള്‍ ചെയ്താലും എത്ര കേസുകള്‍ ഉണ്ടായാലും, ഒരു മന്ത്രിയുടെ ബന്ധുവായാല്‍ മതി കേസെല്ലാം ഒന്നുമല്ലാതായി മാറാന്‍. അതു തന്നെയാണ് നടന്നതും. മര്‍ദ്ദിതന്റെ വേദന മറന്നുപോയപ്പോള്‍ പീഡകന് സ്വീകാര്യതയും മാന്യമായ യാത്ര അയപ്പും നല്‍കി KSRTC മാനേജ്‌മെന്റും സര്‍ക്കാരും. തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് പേരുകേട്ട ഒരു ഉദ്യോഗസ്ഥന് ഈ ഒരു ദിവസത്തെ ആനുകൂല്യം പോലും ലഭ്യമാക്കേണ്ടതല്ല. എന്നിട്ടും, KSRTC അതിന് തയ്യാറാകാത്തത്, മുന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ബന്ധുവായതു കൊണ്ടു മാത്രമാണ്.
KSRTC വിജിലന്‍സ് ഐ.സി ആയിരുന്ന ഇദ്ദേഹത്തിനെതിരേ ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പരപാതികളുടെ കൂമ്പാരം അന്വേഷിക്കാതിരിക്കാനാണ് ഇപ്പോഴത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇത് പരാതിക്കാര്‍ ഉന്നയിക്കുന്ന ശക്തമായ ആരോപണമാണ്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയോ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുകയോ ചെയ്യുന്ന ഈ ഉദ്യോഗസ്ഥന് കേസുകള്‍ എത്രയുണ്ടെന്ന് പറയാനാകില്ല. നിലവില്‍ ഇദ്ദേഹം പെന്‍ഷന്‍ ലീവിലുമാണ്. രണ്ടുതവണ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഷന്‍ ഏറ്റു വാങ്ങുകയും, ക്രിമിനല്‍ കേസുകള്‍ ഉള്ള വ്യക്തിയുമാണീ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് പോവുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കണിയാപുരം സ്റ്റേഷന്‍മാസ്റ്റര്‍ ആയിരിക്കുന്ന ബിജുവുമായി തമ്പാനൂര്‍ സെന്‍ട്രലില്‍ വെച്ച് ഏറ്റുമുട്ടലിലേക്ക് നീങ്ങിയ വഴക്കാണ് ആധാരം. വഴക്കിടലും, തമ്മില്‍ത്തല്ലും നിത്യ സംഭവമായതു കൊണ്ട് അതില്‍ പുതുമയൊന്നുമില്ല. പക്ഷെ, തല്ലും വഴക്കും കോടതി കയറിയത്, ബിജുവിനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്നതു കൊണ്ടാണ്. സമാന സംഭവം മറ്റൊരു ഉദ്യോഗസ്ഥനോടും ചെയ്തത് സംസ്ഥാന എസ്.സി-എസ്.ടി. കമ്മീഷനില്‍ വരെ എത്തി. കമ്മിഷന്‍ അവിടെ വിളിച്ചു വരുത്തി ഉദ്യോഗസ്ഥനെ ‘ക്ഷമ’ പറയിക്കുകയും ചെയ്തു. എന്നാല്‍, പുരുഷോത്തമന്‍ KSRTC എം.ഡിക്കും മന്ത്രിക്കും പരാതി നല്‍കുകയും , കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്.
KSRTC ബസുകളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടു കൊണ്ട് ജീവനക്കാരുടെ ഒരു സമരം നടന്നിരുന്നു. കൊറോണക്കാലത്തിനു മുമ്പ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കഴുത്തിനു കുത്തിപ്പിടിച്ചതിനും കേസുണ്ട്. ഡീസല്‍ സപ്ലെ നടത്തുന്ന ടാങ്കര്‍ ജീവനക്കാരോട് വളരെ മോശമായ രീതിയില്‍ ഇടപെട്ടതിന്റെ പേരിലും ഇദ്ദേഹത്തിനെതിരേ മന്ത്രിക്കും, എം.ഡിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇങ്ങനെ നിരവധി കേസുകള്‍ നിലനില്‍ക്കുന്ന ഈ ഉദ്യോഗസ്ഥന്‍ ജീവനക്കാരുടെ ശത്രുവായി മാറിയത് സ്വഭാവ ദൂഷ്യം കൊണ്ടാണ്.
തൊഴിലാളികളോട് മര്യാദയും മാന്യതയുമില്ലാതെ പെരുമാറുന്നതില്‍ ഇദ്ദേഹം അഗ്രഗണ്യനാണ്. ഏതു വിധേനയും തൊഴിലാളികളെ ദ്രോഹിക്കുകയാണ് ചെയ്യുക. ഡെഡ് ടിക്കറ്റില്‍ യാത്രക്കാര്‍ക്കു നല്‍കി (ഒരിക്കല്‍ നല്‍കിയ ടിക്കറ്റ് വീണ്ടും നല്‍കി) പണം വാങ്ങി കീശയിലിട്ടതിന്റെ പേരില്‍ 1991-2001 കാലഘട്ടത്തില്‍ ഇദ്ദേഹം സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പാര്‍ക്കിംഗിന്റെ പേരില്‍ പിരിവു നടത്തി ലക്ഷങ്ങള്‍ തട്ടിച്ചിട്ടുണ്ടെന്ന കണ്ടെത്തിയിരുന്നു. എന്നിട്ടും നടപടികളില്ലാതെ രക്ഷപ്പെട്ടത് മന്ത്രിയുടെ ബന്ധുബലത്തിലാണ്. പക്ഷെ, വിജിലന്‍സ് പറയുന്നത്, ഇപ്പോഴും അന്വേഷണം നടക്കുന്നു എന്നാണ്. ഇന്ന് വൈകിട്ടോടെ ഈ ഉദ്യോഗസ്ഥനും KSRTCയും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകള്‍ക്ക് വിരാമമിടും.
പിന്നെ വിജിലന്‍സിന് ഒന്നും ചെയ്യാനാകില്ല. ഇത് മനസ്സിലാക്കുന്നവരാണ് അന്വേഷണവും റിപ്പോര്‍ട്ടും നടപടികളും വൈകിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം. രണ്ടര മാസം മുമ്പ് ഒരു ജീവനക്കാരന്‍ ഈ ഉദ്യോഗസ്ഥനെതിരേ ഗൗരവമേറിയ പരാതി വകുപ്പുമന്ത്രിക്കും എംഡിക്കും നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥനെതിരേ അക്കമിട്ടു നിരത്തിയ പരാതികളില്‍ ഒന്നില്‍പ്പോലും ഇതുവരെ നടപടി എടുത്തിട്ടില്ല, എന്നു മാത്രമല്ല ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് KSRTC കൈക്കൊണ്ടതെന്നും ആക്ഷേപമുണ്ട്.