ദീർഘമായ വിമാന യാത്രക്കിടയിൽ പുറം ലോകവുമായി ബന്ധം നഷ്ടമാകുന്നു എന്ന ആശങ്കകൾക്ക് വിരാമമാവുകയാണ്. ആകാശത്ത് പറക്കുമ്പോൾ തന്നെ വാട്‌സാപ്പിൽ ചാറ്റ് ചെയ്യാം, മെയിൽ അയക്കാം, വീഡിയോ കോൺഫറൻസുകളിൽ പങ്കെടുക്കാം. അങ്ങനെ അതിവേഗ ഇന്റർനെറ്റ് വിമാനത്തിലും നമ്മുടെ വിരൽത്തുമ്പിലെത്തുകയാണ്.
വിമാന യാത്രികർക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഖത്തർ എയർവേഴ്‌സും എലോൺ മസ്‌കിന്റെ സ്റ്റാർ ലിങ്കും ധാരണയിലെത്തിയിരിക്കുകയാണ്. ജർമനിയിലെ ഹാംബർഗിൽ നടന്ന എയർക്രാഫ്റ്റ് ഇന്റീരിയർ എക്‌സ്‌പോയിലാണ് ഖത്തർ എയർവേഴ്‌സും സ്റ്റാർലിങ്കും ധാരണയിലെത്തിയത്.
ഖത്തർ എയർവേഴ്‌സ് സി.ഇ.ഒ ബദർ അൽമീറും സ്റ്റാർ ലിങ്ക് വൈസ് പ്രസിഡന്റ് മൈക്ക് നിക്കോൾസുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന സ്ഥാപനമാണ് സ്റ്റാർലിങ്ക്. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്നതിനായി കമ്പനിക്ക് 6000 ഉപഗ്രഹങ്ങളുണ്ട്. വൈകാതെ തന്നെ ഇത് ഇരട്ടിയായി ഉയർത്തും.
വിമാനത്തിൽ ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്ന മിഡിലീസ്റ്റ്-വടക്കേ ആഫ്രിക്ക മേഖലയിലെ ആദ്യ വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ഈ വർഷം അവസാനത്തോടെ സേവനം ലഭ്യമായിത്തുടങ്ങും. ആദ്യഘട്ടത്തിൽ ഖത്തർ എയർവേസിന്റെ മൂന്ന് ബോയിങ് 777-300 വിമാനങ്ങളിലായിരിക്കും ഇന്റർനെറ്റ് സേവനം ലഭിക്കുക.