വീട്ടിലെത്തുന്ന അതിഥികൾക്ക് എളുപ്പം കുടിക്കാൻ കൊടുക്കുന്ന ഒന്നാണ് സ്ക്വാഷ്. സാധാരണ സ്ക്വാഷുകളിൽ നിന്നും വ്യത്യസ്തമായി വളരെ ഹെൽത്തിയായി ഒരു ജാതിക്ക സ്ക്വാഷ് ആണ് ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കുന്നു എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിൽ തന്നെ ഇത് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.
ചേരുവകൾ
ജാതിക്ക- ഒന്നര കിലോ
പഞ്ചസാര – ഒന്നര കിലോ
ഗ്രാമ്പൂ – മൂന്ന് കഷ്ണം
കറുവപ്പട്ട – രണ്ട് കഷ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ജാതിക്കയുടെ പുറംതോട് അരിഞ്ഞ് ഒരു മണിക്കൂർ ഉപ്പ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇത് കുക്കറിൽ നാല് ലിറ്റർ വെള്ളത്തിൽ ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
അരിച്ചു മാറ്റിയ ജാതിയ്ക്ക വെന്ത വെള്ളത്തിൽ, ഒന്നര കിലോ പഞ്ചസാര ചേർക്കുക. ഇത് നന്നായി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് സ്ക്വാഷ് പരുവത്തിൽ കുറുക്കി എടുക്കുക.
ആവശ്യാനുസരണം തണുത്ത വെള്ളമോ സോഡയോ ചേർത്ത് ഇത് ഉപയോഗിക്കാം.