കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നാണ് പ്രസിദ്ധമായ കൊട്ടിയൂർ ക്ഷേത്രം അറിയപ്പെടുന്നത്. കൊട്ടിയൂരിൽ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയും സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത് പുണ്യമായാണ് ഭക്തജനങ്ങൾ കരുതിപ്പോരുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. വൈശാഖോത്സവ സമയത്ത് മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല.
വർഷത്തിൽ 28 ദിവസം മാത്രമാണ് അക്കരെ കൊട്ടിയൂരിലേക്ക് മഹാദേവനെ കാണാൻ വിശ്വാസികൾക്ക് അനുവാദം. ഇവിടെ അനുവർത്തിച്ചു പോരുന്ന പൂജകളും ആചാരങ്ങളും മറ്റൊരു ക്ഷേത്രത്തിലും നടത്തിപ്പോരുന്നില്ല. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇവിടുത്തെ പൂജാവിധികൾ മറ്റുള്ള ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിനെ വ്യത്യസ്തമാക്കുന്നു.
കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം ദക്ഷിയാഗവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ത്രിമൂർത്തികളും 33 കോടി ദേവകളും ഒന്നിച്ചു കൂടിയ ദക്ഷയാഗം ഇവിടെയാണ് നടന്നത്. ഈ യാഗഭൂമിയിൽ ഒരു സ്വയംഭൂ ശിവലിംഗം ഉയർന്നുവന്നുവെന്നാണ് പറയപ്പെടുന്നത്. അക്കരെ കൊട്ടിയൂരിൽ ജലാശയത്തിനു നടുവിലുള്ള മണിത്തറയാണ് ഇവിടുത്തെ മൂലക്ഷേത്രം എന്നാണ് വിശ്വാസം. ഇതിന് തൊട്ടടുത്തായി അമ്മാറക്കൽത്തറയിൽ സതീ ദേവിയുടെ സാന്നിധ്യവും കാണാം. ഇതിനെചുറ്റിയാണ് അക്കരെ കൊട്ടിയൂരിൽ ബാവലിപ്പുഴ ഒഴുകുന്നത്.
ദക്ഷയാഗം കഥ
ദക്ഷന്‍ ബ്രഹ്മാവിന്റെ പുത്രനായിരുന്നു. ബ്രഹ്മാവ് ദക്ഷനെ പ്രജാപതികളുടെ അധിപതിയായി വാഴിച്ചു. മനുപുത്രിയായ പ്രസൂതിയെ ദക്ഷന്‍ വിവാഹം ചെയ്തു. അവര്‍ക്ക് പതിനാറു പുത്രിമാരുണ്ടായി. അവരില്‍ ഒരാള്‍ സാക്ഷാല്‍ പരാശക്തിയായിരുന്നു . അവരുടെ പേരാണ് സതി. പതിമൂന്നു പുത്രിമാരെ ദക്ഷന്‍ ധര്‍മ്മദേവന് വിവാഹം ചെയ്തയച്ചു . പിന്നെ സ്വദ എന്ന പുത്രിയെ പിതൃക്കള്‍ക്കും, സ്വാഹ എന്ന പുത്രിയെ അഗ്നിദേവനും സതീദേവിയെ പരമശിവനും വിവാഹം ചെയ്തുകൊടുത്തു.
ഒരിക്കല്‍ പ്രജാപതികള്‍ ഒരു സത്രം നടത്തി. യാഗത്തില്‍ ബ്രഹ്മാവും, ശിവനും, ദേവന്മാരുമെല്ലാം സന്നിഹിതരായിരുന്നു. ദക്ഷപ്രജാപതി ആ സഭയില്‍ പ്രവേശിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. ബ്രഹ്മാവും ശിവനും മാത്രം എഴുന്നേറ്റില്ല. തന്റെ മകളുടെ ഭര്‍ത്താവായ ശിവന്‍ എഴുന്നേല്‍ക്കാത്തതില്‍ ദക്ഷന് അപമാനം തോന്നി . കോപം പൂണ്ട ദക്ഷന്‍ ശിവനെ അധിഷേപിക്കുകയും കൂടെ ശപിക്കുകയും ചെയ്തു. “ദേവന്മാരില്‍ അധമനായ ഈ ശിവന് യജ്ഞങ്ങളില്‍ ഹവിര്‍ഭാഗ്യം ഇനി ലഭിക്കാതെ പോകട്ടെ” എന്നായിരുന്നു ശാപം. പകരം ശിവനും ദക്ഷനെ ശപിച്ചു. “അഹങ്കാരിയായ ദക്ഷനും അവന്റെ അനുചരന്മാരും ഇനി തത്ത്വാര്‍ത്തബോധ വിചാരം ഇല്ലാത്തവരായിത്തീരട്ടെ” എന്നായിരുന്നു ശാപം. പിന്നീട് ശിവനും സതിയും അവിടെ നിന്നും ഇറങ്ങി കൈലാസത്തേക്ക് പോയി. ഇവര്‍ തമ്മില്‍ ബദ്ധ ശതൃക്കളായി ഭവിച്ചു.
കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ദക്ഷന്‍ ബ്രുഹസ്പതിയജ്ഞം തുടങ്ങി. യജ്ഞത്തിനു ദേവന്മാരെയും, മഹര്‍ഷിമാരെയും, ബന്ധുക്കളെയും , വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. ശിവനെയും സതിയെയും മാത്രം ക്ഷണിച്ചില്ല. ഇതറിഞ്ഞ സതി ശിവനോട് അഭ്യര്‍ദ്ധിച്ചു – ” അച്ഛന്‍ യാഗം തുടങ്ങിയിരിക്കുന്നു. ഈ പോകുന്ന ദേവന്മാരെല്ലാം അവിടേക്കാണ്. എന്റെ സഹോദരിമാരെയും ബന്ധുക്കളെയും കാണാന്‍ കൊതിയാകുന്നു. ഭര്‍ത്താവിന്റെയും, ഗുരുവിന്റെയും, പിതാവിന്റെയും വീട്ടില്‍ വിളിക്കാതെ തന്നെ പോയാലും തെറ്റൊന്നുമില്ല. നമുക്ക് പോകാം”. ഇതുകേട്ട ശിവന്‍ സ്നേഹപൂര്‍വ്വം സതിയോട് ഇപ്രകാരം പറഞ്ഞു: “പ്രിയേ, നീ പറയുന്നത് ശരിതന്നെയാണ് . ബന്ധുക്കളെ കാണാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവും. പക്ഷെ അവര്‍ക്കും അങ്ങിനെയുണ്ടാവണം. സഭാമദ്ധ്യത്തില്‍ എന്നെ അപമാനിച്ചയച്ച ദക്ഷന്‍ ഇപ്പോള്‍ നമ്മള്‍ ക്ഷണിക്കാതെ കയറിച്ചെല്ലുമ്പോള്‍ നമ്മെ ധിക്കരിച്ച് നിന്ദിക്കും. അതുകൊണ്ട് ഈ യാഗത്തിന് നമ്മള്‍ പോകേണ്ടതില്ല. ഇനി എന്നെക്കൂടാതെ നീ തന്നെ പോയാലും ഫലം ശോഭനമായിരിക്കില്ല . അവരെ കാണാന്‍ നിനക്ക് ഇത്ര വലിയ ആഗ്രഹമാണെങ്കില്‍ ഒന്ന് ചെയ്യാം; യാഗം കഴിഞ്ഞശേഷം ഒരു ദിവസം നിന്നെ കൊണ്ട് പോയി അവരെയെല്ലാം കാണിച്ചു തരാം”. ഇത്രയും പറഞ്ഞ് ശിവന്‍ സമാധിസ്ഥനായി.
സതിദേവി അതൊന്നും വകവയ്ക്കാതെ ദക്ഷ ഗൃഹത്തിലേക്ക് നടന്നു, നന്ദിയും ശിവപാര്‍ഷദന്മാരും ദേവിയെ പിന്തുടര്‍ന്നു. ദക്ഷഗൃഹത്തില്‍ എത്തിയ സതിയെ മാതാവ് വാത്സല്യത്തോടെ കെട്ടിപുണര്‍ന്നു . സഹോദരിമാര്‍ അച്ഛനെ ഭയന്ന് അല്പം ആശങ്കയോടെയാണ് സ്വീകരിച്ചത്. ദക്ഷനാകട്ടെ മുഖം കറുപ്പിച്ച് ദേക്ഷ്യഭാവത്തില്‍ ഇരിപ്പുറച്ചു . ഇതുകണ്ട ദക്ഷാനുചരന്മാര്‍ ദാക്ഷായണിയെ പരിഹസിക്കയും ശിവനെ അധിഷേപിക്കയും ചെയ്തു. തന്റെ പ്രാണനാഥന്‍ പറഞ്ഞിട്ടും അനുസരിക്കാതെ ബുദ്ദിമോശം കാണിച്ച സതിക്ക് സങ്കടം താങ്ങാനാവാതെ തന്റെ ശരീരം യാഗാഗ്നിയില്‍ ദഹിപ്പിച്ചു. ഇതുകണ്ടുനിന്ന ശിവപാര്‍ഷദന്മാര്‍ യാഗശാല തകര്‍ത്തു. മുനിമാരെല്ലാം യാഗശാല ഉപേക്ഷിച്ച് ഓട്ടം തുടങ്ങി. യാഗശാലയാകെ പൊടിപടലം കൊണ്ട് മൂടി. ശിവൻ അത്യധികം കോപാക്രാന്തനാകുകയും തന്റെ ജട പറിച്ച് നിലത്തടിയ്ക്കുകയും ചെയ്തു.
അതിൽ നിന്നുടലെടുത്ത ഉഗ്രരൂപിയായ വീരഭദ്രൻ ശിവനിർദ്ദേശപ്രകാരം യാഗശാലയിലെ പ്രജാപതിമാരെ ആക്രമിച്ച്, യാഗാഗ്നി കെടുത്തി, യജ്ഞശാല തകർത്ത്, ദക്ഷന്റെ ശിരസ്സറുത്തെടുത്തു. ഒടുവിൽ യജ്ഞാചാര്യനായ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. ബാവലിപ്പുഷയ്ക്കക്കരെയുള്ള തിരുവൻ ചിറയിലാണത്രേ താടി ചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണാർത്ഥവു ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കല്പ്പിച്ചും ഭക്തജനങ്ങൾ ഓടപ്പൂക്കൾ പ്രസാദമായി കൊണ്ടു പോകുന്നു.
കോപിഷ്ഠനായ ശിവൻ
വൈശാഖോത്സവം നടത്തുന്ന ആദ്യത്തെ 11 നാളുകളിൽ ശിവൻ അതീവ കോപിഷ്ഠൻ ആണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാൻ വേണ്ടി ഇളനീര് അഭിഷേകം ആണ് നടത്തുക. തീയ്യ സമുദായക്കാർക്കാണ് അതിനുള്ള അവകാശം. അവർ കൊണ്ടുവരുന്ന ഇളനീർ ശിവനുമേൽ അഭിഷേകം നടത്തി കോപം കുറയ്ക്കുന്നു. അങ്ങനെയാണ് ചടങ്ങുകൾ ചെയ്യുന്നത്.
വൈശാഖോത്സവം
മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. വൈശാഖോത്സവ സമയത്ത് മഴ പെയ്യുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൻറെ ആചാരങ്ങളിൽ പ്രതിക്ഷണ വഴിയിൽ വെള്ളം ഒഴുകിയിരിക്കണം. കൊട്ടിയൂരിലെത്തി പ്രാർത്ഥിക്കുന്നതിന് വലിയ ഫലങ്ങളാണുള്ളത് എന്നാണ് വിശ്വാസം. ഇവിടെ ആൾരൂപം സമർപ്പിച്ചാൽ എല്ലാ രോഗങ്ങളും മാറുമെന്നും അഷ്ടബന്ധം നെറ്റിയിൽ തൊട്ടാൽ അസുഖങ്ങൾ മാറി പൂർണ്ണാരോഗ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ആയിരംകുടം അഭിഷേകം, തുമ്പമാല, കൂത്ത്, കൂവളമാല, തുളസിമാല, തിരുവപ്പം ആടിയ നെയ്യ്, കളഭം, ഇളനീരഭിഷേകം, വലിയ വട്ടളം പായസം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. ഈ വഴിപാടുകൾ അർപ്പിക്കുമ്പോൾ ഐശ്വര്യം, കീർത്തി, സമ്പത്ത്, ദീര്‍ഘായുസ്, ഉന്നത പദവികൾ, രാജയോഗം തുടങ്ങിയവ ലഭിക്കുമത്രെ. വൈശാഖോത്സവത്തിൽ പങ്കെടുക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ളതാണ്. ദൂരെയാണെങ്കിൽപോലും ഈ സമയത്ത് ക്ഷേത്രത്തിലെത്തുവാൻ ഇവിടുള്ളവർ ശ്രദ്ധിക്കാറുണ്ട്.
അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ബാവലി പുഴയിലെ സ്നാനത്തോടെയാണ് കൊട്ടിയൂരിലെ ദർശനം തുടങ്ങുന്നത്. പുഴയില്‍ മുങ്ങിയ ശേഷം ഇവിടുത്തെ ക്ഷേത്രത്തെ വലംവെച്ചൊഴുകുന്ന തിരുവിഞ്ചറ അരുവിയിലൂടെ പോയി സ്വയംഭൂ ശിവലിംഗമുള്ള മണിത്തറയിലെത്തി പ്രതിഷ്ഠകളെ വലംവെച്ച് തൊഴുകയാണ് അടുത്തപടി. തുടർന്ന് ഇവിടെ വഴിപാടുകൾ നടത്തി പ്രസാദം വാങ്ങിയ ശേഷം ഭണ്ഡാരം പെരുകി മടങ്ങാം.
കൊട്ടിയൂരിലെ താടിപ്രസാദം
ഇന്ത്യയിൽ താടി പ്രസാദമായി ലഭിക്കുന്ന ഏക ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ. കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് താടി രൂപത്തിലുള്ള ഓണപ്പൂവ് പ്രസാദമായി ലഭിക്കും. ദക്ഷയാഗം നടത്തിയ കർമിയായ ഭൃഗുമുനിയുടെ താടി ആണെന്നാണ് സങ്കല്പം. ഈ താടി പൂവിനെ ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യത്തിനുവേണ്ടി തൂക്കിയിടുന്നു.
വയനാടൻ മലനിരകളിൽ നിന്നാണ് ഓടപ്പൂവിനു വേണ്ട ഈറ്റ ശേഖരിയ്ക്കുന്നത്. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുത്ത് വീണ്ടും വെള്ളത്തിലിട്ടു സംസ്ക്കരിച്ചതിനു ശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് ഉത്സവകാലങ്ങളിൽ ഈറ്റ വെട്ടുന്നത്. വൈശാഖോത്സവകാലത്ത് ഓടപ്പൂ നിർമ്മാണത്തിലൂടെ തൊഴിൽ കണ്ടെത്തുന്ന അനേകയിരങ്ങളുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് ഒരുമാസത്തെ വൈശാഖോത്സവത്തിൽ ഓടപ്പൂ വില്പനയോടെ ലഭ്യമാകുന്നത്.