ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലും ചിലന്തിയാറിലും തമിഴ്നാടിന്റെ അനുമതിയില്ലാതെ ഒരു ഇഷ്ടിക പോലും തൊടാൻ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള നടപടികളുമായി കേരള സർക്കാർ മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം. ചിലന്തിയാറിൽ തടയണ നിർമിക്കുന്നതിനെതിരെ കർഷകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണു തമിഴ്നാട്ടിൽ നടക്കുന്നത്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു തമിഴ്നാട്ടിലേക്ക് കൃഷിക്കായി ഇന്നു മുതൽ വെള്ളം തുറന്നുവിടും. തേനി ജില്ലയിലെ 14,707 ഏക്കർ പ്രദേശത്തെ നെൽക്കൃഷി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണു നടക്കുന്നത്. ഒന്നാം വിളയ്ക്കായി നിലം ഒരുക്കുന്നതിനാണ് ഇപ്പോൾ വെള്ളം തുറക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 119.10 അടിയാണ്.