ദില്ലി : ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. അവസാനഘട്ട ഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചൽ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
7 ഘട്ടങ്ങളിലായി നടന്ന വാശിയേറിയ പ്രചാരണത്തിൽ വികസനവും ജനകീയ പ്രഖ്യാപനങ്ങളും വർഗീയതയും വലിയതോതിൽ ചർച്ചാവിഷയമായി. പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശവും അതിൽ നടപടി എടുക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മെല്ലെപോക്കും വിമർശന വിധേയമായി. ഒടുവിൽ മഹാത്മാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശവും നരേന്ദ്ര മോദിയുടെ ധ്യാനവും ഇന്ത്യാ സഖ്യം പ്രചാരണ ആയുധമാക്കി. അതേസമയം മോദി പ്രഭാവം ഇത്തവണയും ഗുണം ചെയ്യും എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
ഇന്‍ഡ്യാ മുന്നണിയോഗവും ഇന്ന്
ലോക് സഭ തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കേ ഇന്ത്യ സഖ്യയോഗം ഇന്ന് ദില്ലിയിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേരുക. ഫലം അനുകൂലമെങ്കിൽ തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ബിജെഡി ,വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലവും തുടർ നീക്കത്തിൽ പ്രധാനമാകും.
അതേസമയം വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് കോൺഗ്രസിൻ്റെ പ്രതികരണം. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ല. ഡി.എം.കെ പ്രതിനിധിയായി ടി.ആർ ബാലു യോഗത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന് ഇടക്കാല ജാമ്യം അവസാനിക്കുന്ന കെജ്‍രിവാള്‍ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.