തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയ പശ്ചാത്തലത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ കാലവർഷമെത്തിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചത്. അതേസമയം ഈ വർഷം കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വ്യാപകമായ മഴയാണ് ലഭിച്ചത്. ശക്തമായ പടിഞ്ഞാറൻ കാറ്റിന്‍റെയും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ രണ്ട് മീറ്റർ വീതം ഉയർത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. രാത്രിയിൽ മഴ ശക്തിപ്പെട്ടതോടെ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടുക്കിയിൽ ഇന്നലെ രാത്രി കനത്ത മഴ ലഭിച്ചു. വെള്ളിയാമറ്റത്ത് രണ്ട് ക്യാംപുകൾ തുറന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്താണ്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു. ഇതിൽ ഭൂരിഭാഗവും മേയ് മാസത്തിന്റെ രണ്ടാം പകുതിയിലാണു ലഭിച്ചത്.