ദുബൈ : ദുബൈയിൽ നാളെ മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് നിരോധനം നിലവിൽ വരും. അബൂദബിയിൽ ഫോം ഗ്ലാസുകൾക്കും നാളെ മുതലാണ് വിലക്ക് പ്രാബല്യത്തിലാവുക. 57 മൈക്രോ മീറ്ററിന് താഴെ കട്ടിയുള്ള മുഴുവൻ സഞ്ചികൾക്കും വിലക്ക് ബാധകവും. പ്ലാസ്റ്റിക് ബാഗുകൾക്ക് മാത്രമല്ല, പേപ്പർ ബാഗുകൾ, ബയോഡീഗ്രബിൽ ബാഗുകൾ എന്നിവക്കും വിലക്കുണ്ട്. എന്നാൽ, 58 മൈക്രോ മീറ്ററിന് മുകളിൽ കട്ടിയുള്ള പലതവണ ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾക്ക് നിരോധം ബാധകമല്ല. മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യം ബ്രഡ് എന്നിവ പൊതിയാൻ ഉപയോഗിക്കുന്ന ബാഗുകൾക്കും, ഗാർബേജ് ബാഗുകൾക്കും വിലക്കില്ല.
നിരോധം ലംഘിച്ചാൽ 200 ദിർഹമാണ് പിഴ. ഒരുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകും. ഇത്തരത്തിൽ 2000 ദിർഹം വരെ പിഴ ഈടാക്കും.അബൂദബി എമിറേറ്റിൽ സ്റ്റിറോഫോമിൽ നിർമിച്ച കപ്പുകൾക്കും പാത്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും ജൂൺ ഒന്നിന് നിലവിൽ വരും.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന തെർമോകോൾ, സ്റ്റിറോഫോം തുടങ്ങിയ പോളിസ്ട്രീൻ കൊണ്ട് നിർമിക്കുന്ന പാത്രങ്ങൾക്കാണ് നിരോധം. സ്റ്റിറോഫോമിൽ നിർമിച്ച കപ്പുകൾ, പാത്രങ്ങൾ, മൂടികൾ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. പലതവണ ഉപയോഗിക്കാൻ കഴിയുന്ന ഫോം സ്റ്റോറേജുകൽ, കൂളറുകൾ എന്നിവക്ക് വിലക്ക് ബാധകമല്ല.