ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിന്‍റെ ഇടക്കാല ജാമ്യകാലാവധി ഇന്ന് അവസാനിക്കും. നാളെ തിഹാർ ജയിലിൽ ഹാജരാകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രിംകോടതി അനുവദിച്ചിരുന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നൽകിയത്. സ്ഥിരജാമ്യത്തിനുള്ള അപേക്ഷ സുപ്രിംകോടതി തള്ളിയതോടെ കഴിഞ്ഞ ദിവസം കെജ്‍രിവാൾ വിചാരണാകോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ അസുഖങ്ങളുടെ സൂചനകളുണ്ടെന്നും ഇതിനു ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ച കാര്യമാണ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനായി ജാമ്യം നാലുദിവസം കൂടി നീട്ടിനൽകണമെന്നായിരുന്നു ആവശ്യം.
എന്നാല്‍, ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ നാളെ തിഹാർ ജയിലിൽ തിരിച്ചെത്തണം. എത്ര കാലം ജയിലില്‍ കഴിയേണ്ടിവരുമെന്ന് അറിയില്ലെന്നും എന്നാലും രാജ്യത്തെ ഏകാധിപത്യത്തില്‍നിന്നു രക്ഷിക്കാനായി താന്‍ തിഹാറിലേക്കു തിരിച്ചുപോകുമെന്നുമാണു കഴിഞ്ഞ ദിവസം കെജ്‍രിവാള്‍ പ്രതികരിച്ചത്.