റിയാദ് : സൗദിയുടെ കിഴക്കൻ അതിർത്തി കവാടങ്ങളിലൊന്നായ ബത്ഹ കവാടം വഴി 6.51 ദശലക്ഷം മയക്കുമരുന്ന് (ക്യാപ്റ്റഗൺ) ഗുളികൾ സൗദിയിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. അതിർത്തി കവാടം വഴി സൗദിയിലേക്ക് വരുന്ന ചരക്കിലാണ് ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയത്.
ബത്ഹ കവാടം വഴി ചരക്കുകൾ കയറ്റി വന്ന ട്രക്കുകളിൽ ഒന്നിൽ ‘വലിയ ടയറുകൾ’ ആയിരുന്നു. ഇവ കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കി സുരക്ഷാ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ടയർ അറയിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയയെന്ന് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.
പിടിച്ചെടുക്കൽ നടപടികൾ പൂർത്തിയായ ശേഷം സാധനങ്ങളുടെ ഏറ്റുവാങ്ങേണ്ട സൗദിക്കുള്ളിലെ നാലുപേരുടെ അറസ്റ്റ് ഉറപ്പാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപനം നടത്തിയതായി അതോറിറ്റി വ്യക്തമാക്കി. കള്ളക്കടത്തും നിരോധിത വസ്തുക്കളും തടയുന്നതിന് സൗദിയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങളും നിരീക്ഷണവും കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പറഞ്ഞു.