വൈകുന്നേരത്തെ ചായക്കൊപ്പം സ്വാദോടെ കഴിക്കാന്‍ പറ്റിയ ഒരു നാലുമണി പലഹാരമാണ് ചിക്കൻ സമൂസ. കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണ് ഇത്. ക്രിസ്പി ‘ചിക്കൻ സമൂസ’ വീട്ടിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – 2 എണ്ണം
- സവാള – 2 എണ്ണം
- പച്ചമുളക് – 5 എണ്ണം
- വെളുത്തുള്ളി – 5 എണ്ണം
- ഇഞ്ചി – 1 കഷ്ണം (ചെറുത്)
- എല്ലില്ലാത്ത ചിക്കൻ – അഞ്ചോ ആറോ കഷ്ണങ്ങൾ
- മല്ലിപ്പൊടി – 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- മസാലപൊടി – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സമൂസ ലീഫ് – പാക്കറ്റ് ആയി വാങ്ങാൻ കിട്ടും.(ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.ശേഷം ബോൺലെസ്സ് ചിക്കൻ വേവിച്ച് മിക്സിയിൽ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക.
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തിൽ ആക്കുക. സവാള , ഇഞ്ചി, പച്ചമുളക് വെളുത്തുള്ളി പേസ്റ്റും വഴറ്റി എടുക്കുക. പാകത്തിന് ഉപ്പു ചേർത്ത് വേണം വഴറ്റാൻ. വേണമെങ്കിൽ അല്പം കറിവേപ്പിലയും ചേർക്കാം. അതിൽ മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ കൂടി ചേർക്കുക. ഇതിൽ ചിക്കനും ഉരുളക്കിഴങും ചേർത്ത് ഇളക്കുക.
ഇനി സമൂസ ലീഫ് എടുത്ത് അതിൽ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക. ശേഷം തിളച്ച എണ്ണയിൽ വറുത്തു കോരുക.