മദീന: ഇന്തോനേഷ്യൻ ഹജ്ജ് തീർഥാടകന് നടത്തിയ ഓപൺ ഹാർട്ട് സർജറി വിജയകരം. മദീന കാർഡിയാക് സെൻററിലാണ് 60 കാരനായ ഇന്തോനേഷ്യൻ തീർഥാടകന് തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ ഹജ്ജ് സീസണിൽ കേന്ദ്രത്തിൽ നടത്തിയ ആദ്യത്തെ ഓപൺ ഹാർട്ട് സർജറിയാണിത്. സുഖം പ്രാപിച്ച ശേഷം ഹജ്ജ് കർമങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് തീർഥാടകനെ ഡിസ്ചാർജ് ചെയ്തു.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് 60 വയസ്സുള്ള തീർഥാടകൻ അത്യാഹിത വിഭാഗത്തിൽ എത്തിയതെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. വൈദ്യപരിശോധനക്കും സ്കാനിംഗിനും ശേഷമാണ് ഹൃദയാഘാതമാണെന്ന് കണ്ടെത്തിയത്. കേന്ദ്രത്തിലെ മെഡിക്കൽ സംഘം ഉടൻ നടത്തിയ പരിശോധനയിൽ മൂന്ന് കൊറോണറി ധമനികളിലും കടുത്ത തടസ്സം കണ്ടെത്തി.
തുടർന്നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സംഘം തീരുമാനിച്ചതെന്നും മദീന ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു.