അന്തരിച്ച, കവി എ.അയ്യപ്പന്റെ കവിതയിലെ ഒരു വരിയാണ് ‘ കരളു പങ്കിടാന്‍ വയ്യെന്റെ ഹൃദയമേ..പകുതിയും കൊണ്ടുപോയ് ലഹരിതന്‍ പക്ഷികള്‍’ എന്നത്. ആ കവിതയിലെ വരികള്‍ ചെറുതായൊന്നു മാറ്റിയെഴുതിയാണ് അവയവക്കച്ചവട മാഫിയയുടെ നെഞ്ചില്‍ കുത്തിയിരിക്കുന്നത്. (കവി ക്ഷമിക്കുമെന്ന വിശ്വാസത്തോടെ) ‘കരളു പങ്കിടാന്‍ വയ്യെന്റെ ഹൃദയമേ..പകുതിയും കൊണ്ടു പോയ് ‘അവയവ മാഫിയ”. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഒരു ലുക്ക്ഔട്ട് സര്‍ക്കുലര്‍ ലഭിച്ചു.
കൊച്ചി-കുവൈറ്റ്-ഇറാനിലെ ടെഹ്‌റാന്‍ റൂട്ടില്‍ അഞ്ചു വര്‍ഷമായി യാത്ര ചെയ്യുന്ന 30 വയസ്സുകാരനായ തൃശ്ശൂര്‍ വലപ്പാട് സ്വദേശിയെ കുറിച്ചുള്ളതായിരുന്നു സര്‍ക്കുലര്‍. പേര് സബിത്ത് നാസര്‍. റണ്‍വേയില്‍ വിമാനമിറങ്ങി യാത്രക്കാരെല്ലാം എയര്‍പോര്‍ട്ടിലേക്ക് വരുന്നു. ചെക്കിംഗ് പോയിന്റില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു യാത്രക്കാരനെ മാത്രം വിളിച്ചു കൊണ്ടു പോകുന്നു. തുടര്‍ന്ന് തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ഇരുത്തുന്നു. പിന്നീട്, ആ യാത്രക്കാരന്‍ പറഞ്ഞ കഥകള്‍ ഭയപ്പെടുത്തുന്നതും, ദുരൂഹതകള്‍ നിറയ്ക്കുന്നതും, കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രവുമായിരുന്നു.
കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്ന അതേ സബിത്ത് നാസറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത് എന്ന് ലോകമാകെ വിശ്വസിച്ചത് സബിത്തിന്റെ വെളിപ്പെടുത്തലുകളിലൂടെയാണ്. മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് വില്‍ക്കുന്ന ഏജന്റ് സബിത്ത്. സബിത്ത് ചെറിയ മീനാണ്. വമ്പന്‍ സ്രാവുകള്‍ അവയവക്കടത്ത് മാഫിയ എന്ന കടലില്‍ യഥേഷ്ടം നീന്തിത്തുടിക്കുന്നുണ്ടിപ്പോഴും. എങ്കിലും സബിത്തിലൂടെ അവയവക്കച്ചവത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക് ചെറിയൊരു വെളിച്ചം പരന്നിട്ടുണ്ട്. കേരളത്തില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അവയവം വില്‍ക്കാന്‍ കൊണ്ടുപോയതിന്റെ നേരിയ വെട്ടം.
2019ലാണ് സബിത്ത് നാസര്‍ അവയവക്കച്ചവട മാഫിയയില്‍ കണ്ണി ചേരുന്നത്. ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള സംഘത്തിലെ കണ്ണി. സ്വന്തം വൃക്ക 5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ തയ്യാറായിട്ടാണ് സബിത്ത് ആദ്യം എത്തിയത്. എന്നാല്‍, അതിന്റെ പിന്‍ബലത്തില്‍ മാഫിയാ സംഘവുമായി അടുത്തു. വിദേശത്തേക്ക് അവയവക്കടത്ത് നടത്തുന്നതിന് മാഫിയാ സംഘത്തിന്റെ ഇടനിലക്കാരനായി മാറി. സ്വന്തം വൃക്ക വില്‍ക്കുന്നതിനേക്കാള്‍ പണം മറ്റുള്ളവരുടെ വൃക്കകള്‍ നല്‍കിയാല്‍ കിട്ടുമെന്ന് മനസ്സിലാക്കി. അങ്ങനെയാണ് അവയവം വില്‍ക്കാന്‍ തയ്യാറാകുന്നവരെ കണ്ടെത്താന്‍ തീരുമാനിച്ചത്. ഇയാള്‍ ഉള്‍പ്പെട്ട അവയവ മാഫിയ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. ഇറാനിലെ ടെഹ്‌റാനിലേക്കാണ് അവയവങ്ങള്‍ എത്തിക്കേണ്ടത്.
അവിടെയാണ് ആവശ്യക്കാര്‍ ഏറെ. എത്ര രൂപ വേണമെങ്കിലും ചെലവാക്കാനും തയ്യാറുള്ളവര്‍. അവയവക്കൈമാറ്റത്തിന് ഇപ്പോഴും ചില രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ടാണ് ഇറാനിലെ ടെഹ്‌റാനെ അവയവക്കച്ചവട മാഫിയകളുടെ പറുദീസയാക്കിയത്. അവിടെ ഫരീദിഖാന്‍ ആശുപത്രിയിലേക്കാണ് ദാതാക്കളെ എത്തിച്ചത്. അവിടെയുള്ളവര്‍ക്ക് വൃക്കയും കരളും വേണം. അവയവങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ആവശ്യമായ ഇരകളെ എത്തിക്കുകയെന്നതാണ് സബിത്തിന്റെ മാഫിയാ സംഘം ചെയ്യുന്നത്.
വളരെ ആസൂത്രിതവും കൗശലവും നിറഞ്ഞതായിരുന്നു മാഫിയയുടെ ഇടപെടലുകള്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അവയവ ദാതാക്കളെ തെരഞ്ഞു പിടിച്ച് കണ്ടെത്തിയിരുന്നത്. ആറ് ലക്ഷം രൂപ വരെയാണ് ഇരകള്‍ക്ക് വാഗ്ദാനം നല്‍കുന്നത്. സ്വന്തം അവയവങ്ങള്‍ മുറിച്ചു വില്‍ക്കുന്നത് നിയമപരമായാണെന്ന് ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കും. ടൂറിസ്റ്റു വിസയിലാണ് ഇരകളെ ഇറാനിലെത്തിച്ചിരുന്നത്. വിമാന ടിക്കറ്റും വഴിച്ചെലവിനുള്ള പണവും കൊടുക്കും. അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മത പത്രം, പോലീസ് പഞ്ചായത്ത് സംവിധാനങ്ങളില്‍ കയറിയിറങ്ങി പേപ്പറുകള്‍ ശരിയാക്കുന്നതും ഇവരാണ്. ഇങ്ങനെ സബിത്ത് തന്നെ 19 പേരെ ഇറാനിലെത്തിച്ചിട്ടുണ്ട്.
അവിടെയെത്തിയ ഉടന്‍ ആശുപത്രിയില്‍ പരിശോധന നടത്തും. അവയവങ്ങള്‍ ആവശ്യമുള്ളവരുടെ ഡാറ്റാബാങ്ക് ആശുപത്രിയിലുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ വൃക്കയും കരളും മുറിച്ചെടുക്കും. പണമടച്ച് കാത്തിരിക്കുന്നവര്‍ക്ക് യോജിക്കുന്ന അവയവങ്ങള്‍ നല്‍കും. അവയവങ്ങള്‍ മുറിച്ചെടുത്തു കഴിഞ്ഞാല്‍ ഇര ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിയണം. അതിനു ശേഷം നാട്ടിലേക്കു മടങ്ങാം. എന്നാല്‍, ഇതിനിടയില്‍ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമുണ്ട്. അവയവങ്ങള്‍ കൊടുക്കാന്‍ പോയവരില്‍ ചിലര്‍ ഓപ്പറേഷന്‍ ടേബിളില്‍ വെച്ചുതന്നെ മരിച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ അവയവങ്ങള്‍ മുറിച്ചെടുത്ത ശേഷം വിശ്രമിക്കുമ്പോള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ സ്വന്തം നാടിനും ഇറാനിലെ ഓപ്പറേഷന്‍ മുറിയിലുമായി മരണപ്പെട്ടു പോയവരുടെ കണക്കുകള്‍ പുറത്തു വരേണ്ടതുണ്ട്. അതിന് അവയവ മാഫികളിലെ എല്ലാ കണ്ണികളെയും പിടികൂടിയാലേ അറിയാനാകൂ. സ്വന്തം അവയവം നല്‍കുമ്പോള്‍ ജീവനുപോലും തിരിച്ചു കിട്ടാതെ പോയവരുടെ അവസ്ഥയെ കുറിച്ച് ആലോചിച്ചാല്‍ മനസ്സിലാകുന്ന മറ്റൊരു ഗൂഢാലോചനയുണ്ട്. ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് മരണപ്പെടുന്ന ഇരകളുടെ കരളും കിഡ്‌നിയും പൂര്‍ണ്ണായി എടുത്തിട്ടുണ്ടാകുമോ എന്നത്. മാത്രമല്ല, ആ ശരീരത്തില്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന എല്ലാ അവയവങ്ങളും നിമിഷ നേരം കൊണ്ട് എടുത്തിട്ടുണ്ടാകില്ലേ.
അങ്ങനെ മരണപ്പെട്ട എത്രയോ പേരുടെ അവയവങ്ങളായിരിക്കും മുറിച്ചെടുത്തിരിക്കുക. ഇനി വൃക്കയും കരളും മാത്രം കൊടുക്കാന്‍ തയ്യാറായ ഇരയുടെ മരണം ഉറപ്പാക്കാന്‍ ഇഴര്‍ തീരുമാനിക്കാറുണ്ടോ എന്നതും സംശയമാണ്. അവയവങ്ങള്‍ നല്‍കിയ ശേഷം തിരിച്ചെത്തിയവരുടെ ജീവന്‍ നഷ്ടപ്പെടാത്തതു ഭാഗ്യമെന്നേ പറയേണ്ടതുള്ളൂ. പാലക്കാട് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുമൊക്കെയായി നിരവധി ഇരകളെ സബിത്തും സംഘവും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയാണ് ഏറെയും വലയില്‍ വീഴ്ത്തിയത്. ഒരുഗതിയും പരഗതിയും ഇല്ലാത്തവര്‍. കടംകേറി കുത്തുപാളയെടുത്തവര്‍. ഉറ്റവരും ഉടയവരും ഇല്ലാതെ തനിച്ചായിപ്പോയവര്‍.
പാലക്കാട് ഷമീര്‍ എന്ന ചെറുപ്പക്കാരന്റെ വീട്ടില്‍ ഇപ്പോഴും മകന്റെ വരവും കാത്തിരിക്കുന്ന ബാപ്പയും ഉമ്മയുമുണ്ടെന്ന സത്യം മനസ്സിലാക്കുമ്പോഴാണ് അവയവക്കട്ടവട മാഫിയകളുടെ ഉള്ളാഴങ്ങള്‍ തിരിച്ചറിയാനാകുന്നത്. ആറ് മാസം മുമ്പാണ് ഷമീര്‍ പാസ്‌പോര്‍ട്ടും എടുത്ത് വീട്ടില്‍ നിന്നും പോയത്. സ്വന്തം അവയവം വില്‍ക്കാന്‍ ഇറാനിലേക്ക് പോയെന്ന് മാതാപിതാക്കള്‍ അറിയുന്നത്, സബിത്ത് പിടിയിലായപ്പോഴാണ്. പിന്നീട് ഇതുവരെ മകനെ കാണാന്‍ കഴിഞ്ഞിച്ചിട്ടില്ലെന്ന് ആ ഉമ്മ പറയുന്നു. ബാപ്പയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഷമീര്‍ ചെന്നുപെട്ടത് സബിത്തിന്റെ വലയിലാണ്. അങ്ങനെയാണ് ഷമീര്‍ ഇറാനിലേക്ക് വിമാനം കയറിയത്.
ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഷമീര്‍ തന്റെ അവയവം വില്‍ക്കാന്‍ ശ്രമിച്ചതു പോലും പരാധീനതകള്‍ കൊണ്ടാണ്. പക്ഷെ, ഗതികേടിനെ ചൂഷണം ചെയ്യാന്‍ കാത്തു നില്‍ക്കുന്ന മാഫിയാ സംഘങ്ങള്‍ക്ക് ഷമീറിന്റെ പരാധീനതയിലല്ല കണ്ണ്. അവന്റെ ശരീരത്തില്‍ നിന്നെടുക്കാനാകുന്ന എല്ലാ അവയവങ്ങളിലുമാണ്. ഷമീറിനെ ഇറാനില്‍ അവയവം വില്‍ക്കാന്‍ കൊണ്ടു പോയെന്ന് സബിത്ത് തന്നെയാണ് പോലീസിനോട് സമ്മതിച്ചത്. സബിത്ത് ഉള്‍പ്പെടുന്ന നാലംഗ സംഘത്തിന്റെ പ്ലാനിംഗാണ് ഈ അവയവക്കച്ചവട മാഫിയയെ നിയന്ത്രിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതില്‍ പ്രധാനി ആലുവ സ്വദേശി മധു എന്നു പേരുള്ള ആളാണ്. അദ്ദേഹം ഇപ്പോള്‍ ഇറാനിലുണ്ട്. രണ്ടാമന്‍ എറണാകുളം കാരനാണ്.
മൂന്നാമന്‍ ഇപ്പോഴും അജ്ഞാതനായ ഹൈദരാബാദ് സ്വദേശിയാണ്. ഇതാണ് പോലീസ് കണ്ടെത്തിയ വിവരങ്ങള്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ 150 പേരെയാണ് അവയവക്കടത്തിന്റെ മറവില്‍ വിദേശത്തേക്കു കൊണ്ടുപോയിട്ടുള്ളത്. എന്നാല്‍, കൊണ്ടു പോയവരില്‍ എത്ര പേര്‍ തിരികെ എത്തിയിട്ടുണ്ടെന്ന് നിശ്ചയമില്ല. ഒന്നുറപ്പാണ്, ഇവരുടെയെല്ലാം അവയവങ്ങള്‍ ഇറാനിലെ ലക്ഷപ്രഭുക്കന്‍മാരുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്.
എറണാകുളം പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ 0156/2024 ആയി ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്ന ഒരു സ്ത്രീ കൊടുത്ത കേസ്. 2018 ഓടുകൂടിയാണ് അവയവദാനത്തിന് തന്നെ പ്രേരിപ്പിച്ചു തുടങ്ങിയതെന്ന് അവര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞിട്ടുമുണ്ട്. എട്ടരലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട്, അത് ഭീഷണിയായി. ഇപ്പോള്‍ ജീവിക്കാന്‍ ചായത്തട്ട് ഇട്ടിരിക്കുകയാണ്. പറഞ്ഞ പണത്തിന്റെ മൂന്നില്‍ ഒരു ഭാഗം തന്നു. ബാക്കി ചോദിച്ചാല്‍ ഭീ,ണിയുടെ സ്വരമാണ് അവര്‍ക്ക്. മരുന്നിനു പോലും ഇപ്പോള്‍ കഷ്ടപ്പെടുന്നുണ്ട്. തന്റെ കഷ്ടപ്പാടുകള്‍ കണ്ട് മനസ്സിലാക്കിയാണ് പരിചയമുള്ള ഒരാള്‍ ആദ്യം സമീപിച്ചത്.
അയാീള്‍ ധൈര്യം തന്നു. എല്ലാം ശരിയാക്കാമെന്നും പറഞ്ഞു. താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കായിരുന്നു അവയവം നല്‍കിയത്. പക്ഷെ, പിന്നീട് ആശുപത്രി ജോലി പോലും നഷ്ടമായി. ഗതികേടിന്റെ പരകോടിയിലെത്തിയപ്പോള്‍ ചായത്തട്ട് ഇടേണ്ടി വന്നു. കൊച്ചിയിലാണ് അവയവദാന മാഫിയയുടെ കേരളത്തിലെ ഹബ്ബ്. ഇവിടെ സ്വകാര്യ ആശുപത്രികളിലെല്ലാം അവയവമാറ്റ ശസ്ത്രക്രീയ നടത്തുന്നുണ്ട്. ഓരോ ആശുപത്രികള്‍ക്കും അവയവദാനത്തിനും, ശസ്ത്രക്രീയയ്ക്കും ഓരോ റേറ്റാണ്. അതുകൊണ്ടുതന്നെ വിദേശത്തു നിന്നും രോഗികള്‍ ഈ പഞ്ചനക്ഷത്ര ആശുപത്രികളില്‍ എത്തുന്നുണ്ട്. ഇവിടെ വെച്ചാണ് മാഫിയകള്‍ ആവശ്യക്കാരനെയും ഇരയെയും പിടികൂടുന്നത്.
(തുടരും)