Kerala

അവയവക്കടത്ത് കേസ് , മുഖ്യ പ്രതി ഹൈദ​രാബാദ് സ്വദേശിപിടിയിൽ

ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.

കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇറാനിലുള്ള മധുവിനെ നാട്ടില്‍ തിരിച്ചെത്തിച്ച്‌ അറസ്‌റ്റ് ചെയ്യാനാണു ശ്രമം. പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയോ ബ്ലൂ കോര്‍ണര്‍ നോട്ടീസ്‌ ഇറക്കിയോ ഇയാളെ പിടികൂടാനാണു നീക്കം. ഇതിന്റെ ആദ്യനടപടിയെന്ന നിലയിലാണു ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌. ഇറാന്‍ കേന്ദ്രീകരിച്ച്‌ നടന്ന അവയവക്കടത്തു കേസില്‍ മുഖ്യകണ്ണിയാണു മധുവെന്നാണു പോലീസ്‌ പറയുന്നത്‌. പത്തു വര്‍ഷമായി ഇയാള്‍ ഇറാനിലാണെന്നു പറയുന്നു.

പാസ്‌പോര്‍ട്ട്‌ റദ്ദാക്കണമെങ്കില്‍ കോടതിയുടെ വാറന്റ്‌ വേണം. സാധാരണഗതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും കോടതി വാറന്റ്‌ അനുവദിക്കുക. എന്നാല്‍, ചുരുക്കം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം നല്‍കുന്നതിനുമുമ്പും വാറന്റ്‌ പുറപ്പെടുവിക്കാറുണ്ട്‌. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ്‌ ഇറക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു. ഇറാനിലുള്ള മധുവിനെ കണ്ടെത്താനും അയാള്‍ മറ്റു രാജ്യങ്ങളിലേക്കു കടക്കാതെ കരുതല്‍ തടങ്കലില്‍ വയ്‌ക്കാനുമാണു ലുക്കൗട്ട്‌ നോട്ടീസ്‌.

ഇന്റര്‍പോളിന്റെ ഇറാനിലെ ഏജന്‍സിക്കു സി.ബി.ഐ. വഴിയാണു റിക്വസ്‌റ്റ് നല്‍കുക. അതേസമയം, കേസിലെ കണ്ണിയായ ഹൈദരാബാദ്‌ സ്വദേശിക്കായുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്‌. ഹൈദരാബാദ്‌ പോലീസിന്റെ സഹകരണത്തോടെ ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌.
അവയവക്കടത്ത്‌ കേസില്‍ ആദ്യം അറസ്‌റ്റിലായ സാബിത്ത്‌ നാസറും പിന്നീടു പിടിയിലായ സജിത്ത്‌ ശ്യാമും കേസിലെ മുഖ്യകണ്ണിയായ മധുവിനെക്കുറിച്ചു മൊഴി നല്‍കിയിരുന്നു. മധുവിന്റെ നിര്‍ദേശപ്രകാരമാണു ഹൈദരാബാദ്‌ കേന്ദ്രീകരിച്ചുള്ള സംഘം അവയവദാതാക്കളെ ഇറാനിലെത്തിച്ചിരുന്നത്‌. ഇപ്പോൾ പിടിയിലായ ഹൈദരാബാദ്‌ സ്വദേശിയാണു സംഘത്തിലെ പ്രധാനി.