ഡിഫറന്റ് ആര്‍ട് സെന്ററിലെ ഓട്ടിസ്റ്റിക് വിദ്യാര്‍ത്ഥി വരുണ്‍ രവീന്ദ്രന്റെ കര്‍ണാടക സംഗീത കച്ചേരിക്ക് പിന്തുണയുമായി പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ ഗഞ്ചിറ വാദനം കാണികള്‍ക്ക് പുതുഅനുഭവമായി. എം.ജെ മ്യൂസിക്ക് സോണും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായി സംഘടിപ്പിച്ച വര്‍ണം എന്ന സംഗീത പരിപാടിയിലാണ് സംഗീത പ്രേമികളെ ഒന്നടങ്കം ഹരം കൊള്ളിച്ച വിസ്മയ പ്രകടനം അരങ്ങേറിയത്.
ഓട്ടിസമെന്ന പരിമിതിയെ മറികടന്ന് കൃത്യമായ താളബോധത്തോടെയും ശ്രുതിശുദ്ധമായും കീര്‍ത്തനങ്ങള്‍ ആലപിച്ച് വരുണ്‍ കാണികളുടെ ഹൃദയം കവര്‍ന്നു. ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് കച്ചേരി ആരംഭിച്ചത്. തുടര്‍ന്ന് സരസ്വതി – ദേവീ സ്തുതികള്‍ അല്‍പ്പം പോലും പിഴയ്ക്കാതെ വരുണ്‍ ആലപിച്ചു. ഗഞ്ചിറയുടെ പിന്തുണയുമായി എം. ജയചന്ദ്രനും മൃദംഗത്തില്‍ വരുണിന്റെ ഗുരു കൊല്ലം ജി.എസ് ബാലമുരളിയും വയലിനില്‍ അന്നപൂര്‍ണയും ഒപ്പം ചേര്‍ന്നതോടെ വരുണിന്റെ കച്ചേരി ശ്രുതിമധുരമായി.
വര്‍ണം പരിപാടി പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. അതിമനോഹരമായ പാല്‍പ്പായസം കുടിച്ച പ്രതീതിയായിരുന്നു വരുണിന്റെ ആലാപനം. ഇത്രയും ശ്രേഷ്ഠമായ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണ്. വരുണിന്റെ ആലാപനമികവില്‍ ഗുരുവിനും രക്ഷിതാക്കള്‍ക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കച്ചേരിക്കുശേഷം കൈതപ്രം വരുണിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പണമായി എം. ജയചന്ദ്രന്‍ ഹാര്‍മോണിയത്തില്‍ മെഡ്‌ലി തീര്‍ത്തത് കാണികള്‍ക്ക് ഇരട്ടിമധുരമായി. തുടര്‍ന്ന് എം.ജെ മ്യൂസിക്ക് സോണിലെ അദ്ധ്യാപകരും പ്രമുഖ പിന്നണി ഗായകരുമായ രവിശങ്കര്‍. ആര്‍, പ്രീത പി.വി, ലാലു സുകുമാര്‍, സരിത രാജീവ് എന്നിവരുടെ സംഗീത സമര്‍പ്പണവും ചടങ്ങിന്റെ ഭാഗമായി.
ചടങ്ങില്‍ ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, അഡൈ്വസറി ബോര്‍ഡംഗം ഷൈലാ തോമസ്, റാണി മോഹന്‍ദാസ്, പ്രിയ ജയചന്ദ്രന്‍, ശ്രീറാം എന്നിവര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്ററിലെ സംഗീത വിഭാഗത്തില്‍ പരിശീലനം നേടിവരുന്ന വരുണ്‍ കഴിഞ്ഞ 3 വര്‍ഷമായി എം.ജെ മ്യൂസിക്ക് സോണിലും സംഗീതം അഭ്യസിച്ചുവരികയാണ്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ മീരാ വിജയനാണ് വരുണിന്റെ സംഗീത ഗുരു.