ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വരാനിരിക്കുന്ന വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മുന്‍ഗണനാടിസ്ഥാനത്തില്‍ ബാങ്കിന്റെ ഇക്വിറ്റി ഷെയറുകള്‍ ഇഷ്യൂ ചെയ്ത് 3,200 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചു. 3,200 കോടി രൂപയുടെ ഈ നിര്‍ദിഷ്ട മൂലധന സമാഹരണത്തോടെ, ബാങ്കിന്റെ മൊത്തത്തിലുള്ള മൂലധന പര്യാപ്തത 2024 മാര്‍ച്ച് 31 ലെ റിസ്‌ക് വെയ്റ്റഡ് അസറ്റുകളുടെ അടിസ്ഥാനത്തില്‍ 17.49% ആയി വര്‍ധിക്കും. ഇത് ഭാവി വളര്‍ച്ചയില്‍ ബാങ്കിനെ പങ്കാളിത്തം വഹിക്കാന്‍ ശക്തമായ നിലയില്‍ എത്തിക്കുമെന്ന് ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് വിലയിരുത്തി.
10 രൂപ മുഖവിലയുള്ള ഓഹരികള്‍, മുന്‍ഗണനാ അടിസ്ഥാനത്തില്‍, ഒരു ഇക്വിറ്റി ഷെയറിന് 80.63 രൂപ എന്ന വിലയില്‍, 3,200 കോടി രൂപ സെബിയുടെയും ഓഹരി ഉടമകളുടെ അംഗീകാരത്തിനും വിധേയവുമായിട്ടാണ് സമാഹരിക്കുക.
ബാങ്കിന്റെ ഉപഭോക്തൃ നിക്ഷേപങ്ങള്‍ 2023 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2024ല്‍ 42% വര്‍ധിച്ചു. ബാങ്കിന്റെ മൊത്തത്തിലുള്ള ആസ്തി നിലവാരം മികച്ചതായി തുടരുകയാണ്. 2024 മാര്‍ച്ച് 31 വരെ ജിഎന്‍പിഎ 1.88 ശതമാനവും എന്‍എന്‍പിഎ 0.60 ശതമാനവുമായി. റീട്ടെയില്‍, റൂറല്‍, എസ്എംഇ ഫിനാന്‍സ് ബുക്കില്‍, മൊത്തവും അറ്റ എന്‍പിഎയും വളരെ താഴ്ന്ന നിലയില്‍ തുടരുകയാണ്. 2024 മാര്‍ച്ച് 31 വരെ യഥാക്രമം 1.38%, 0.44%വുമാണ് നിരക്കുകള്‍.
2024 സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷമുള്ള ലാഭം 2,957 കോടി രൂപയായി വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തിലെ 2,437 കോടിയേക്കാള്‍ 21% വര്‍ധനവോടെ ബിസിനസ് ലാഭകരമായി. 2024 മാര്‍ച്ച് 31 ലെ മൂലധന പര്യാപ്തത 16.11% ആണ്.