ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ദോഹയ്ക്കുള്ളിൽ ട്രക്കുകൾക്കും, 25-ലധികം യാത്രക്കാരുള്ള ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു. നിയന്ത്രണം ബാധകമാകുന്ന ദോഹയിലെ പ്രദേശങ്ങളുടെ മാപ്പും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
രാവിലെ 6 മണി മുതൽ 8 മണി വരെയും, ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയും വൈകുന്നേരം 5 മണി മുതൽ 8 മണി വരെയുമാണ് നിയന്ത്രണമേർപ്പെടുത്തിയത്. നിയമലംഘനത്തിന് 500 റിയാൽ പിഴ ഈടാക്കമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, ‘ഫെബ്രുവരി 22’ എന്ന റോഡിൽ ബസുകളുടെയും ട്രക്കുകളുടെയും പ്രവേശനം പൂർണമായി നിരോധിക്കുന്നതായും അധികൃതർ പ്രഖ്യാപിച്ചു.
എന്നാൽ, തിരക്കേറിയ സമയങ്ങളിൽ ബസുകൾക്കും ട്രക്കുകൾക്കും പ്രവേശനം അനുവദിക്കുന്നതിന് വാഹന ഉടമകൾക്ക് പ്രത്യേക പെർമിറ്റ് നേടാമെന്നും അധികൃതർ വ്യക്തമാക്കി. പെർമിറ്റുകൾ ട്രാഫിക് വെബ്‌സൈറ്റ് വഴിയോ മെട്രാഷ് 2 ആപ്ലിക്കേഷൻ വഴിയോ ലഭിക്കും. പെർമിറ്റ് തരം വ്യക്തമാക്കുന്ന പ്രോജക്റ്റ് മാനേജ്മെന്റിൽ നിന്നുള്ള കത്ത്, സർക്കാർ സ്ഥാപനവുമായുള്ള വർക്ക് കരാർ, കമ്പനിയുടെ രജിസ്ട്രേഷന്റെ പകർപ്പ്, സാധുവായ വാഹന രജിസ്ട്രേഷന്റെ പകർപ്പ് എന്നീ രേഖകൾ പെർമിറ്റ് അപേക്ഷിക്കുന്നതിന് നിർബന്ധമാണ്.