വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ ആയിരിക്കും സൂക്ഷിക്കുക. മിക്ക ഭക്ഷണപദാർത്ഥങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം ഉള്ളവരാണ് ഭൂരിഭാഗം പേരും. പക്ഷേ എത്രയൊക്കെ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും പഴങ്ങളും പച്ചക്കറികളും കേടാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. അവ ഏതാണെന്നും എന്തുകൊണ്ടാണ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത് എന്ന് പറയുന്നതെന്നും മനസ്സിലാക്കാം..
ബ്രെഡ്
ഫ്രിഡ്ജിലെ തണുത്ത താപനിലയിൽ റൊട്ടി വളരെ വേഗത്തിൽ വരണ്ടുപോകും. ബ്രെഡുകൾ എപ്പോഴും മുറിയിലെ താപനിലയിൽ സൂക്ഷിക്കുക.
വാഴപ്പഴം
ഫ്രിഡ്ജിൽ വാഴപ്പഴം സൂക്ഷിച്ചാൽ പഴുക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും നിറം കറുത്തതായി മാറ്റുകയും ചെയ്യുന്നു. വാഴപ്പഴം എപ്പോഴും മുറിയിലെ താപനിലയിൽ സൂക്ഷിക്കണം.
അവോക്കാഡോ
അവോക്കാഡോയും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക. അവോക്കാഡോകൾ മുറിയിലെ താപനിലയിൽ സൂക്ഷിക്കുക.
തക്കാളി
തണുത്ത താപനില തക്കാളിയുടെ രുചി കുറയ്ക്കും. എപ്പോഴും മുറിയിലെ താപനിലയിൽ തക്കാളി സൂക്ഷിച്ച് കഴിക്കുന്നതാണ് നല്ലത്.
ഇഞ്ചി
പലരും ഇഞ്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇഞ്ചിയിലും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഒരു തരം പൂപ്പൽ വരാറുണ്ട്. ഈ പൂപ്പൽ ആരോഗ്യത്തിന് ഹാനികരമാണ്. ഡ്രൈ ആയതോ വായു സഞ്ചാരമുള്ള ഇരുണ്ട സ്ഥലത്തോ സൂക്ഷിക്കുക.
ഉരുളക്കിഴങ്ങ്
റഫ്രിജറേറ്ററിലെ തണുത്ത താപനില ഉരുളക്കിഴങ്ങിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും അവയുടെ രുചി കുറയ്ക്കുകയും ചെയ്യും. ഇത് പ്രമേഹമുള്ളവർക്ക് ദോഷകരമാണ്.
ഉള്ളി
തൊലിയോടു കൂടി ഒരിക്കലും ഉള്ളി വയ്ക്കരുത്. തൊലി കളഞ്ഞതാണെങ്കിൽ എയർടൈറ്റ് പാത്രത്തിലോ ബാഗിലോ വയ്ക്കാവുന്നതാണ്. അങ്ങനെ ആണെങ്കിലും അധിക ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. കാരണം, കുറഞ്ഞ താപനിലയിൽ ഉള്ളി സൂക്ഷിക്കുമ്പോൾ പൂപ്പൽ വളരാൻ തുടങ്ങും.
മുറിച്ച ഉള്ളി ഫ്രിഡ്ജിൽ വയ്ക്കുന്നത് ബാക്ടീരിയകളെ ആഗിരണം ചെയ്യും. അതിനാൽ ഒന്നുകിൽ മുഴുവൻ ഉള്ളി ഉപയോഗിക്കുക അല്ലെങ്കിൽ ബാക്കിയുള്ളത് കളയുക.ഉള്ളി എപ്പോഴും തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.