പിസ്തയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു പുസ്തക കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ നമ്മുടെ ശരീരത്തിലെത്തുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹൃദയത്തിനേയും കുടലിന്റെയും ആരോഗ്യത്തിനും പിസ്ത സഹായിക്കുന്നുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടവും പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഉറവിടവുമാണ് പിസ്ത. ദൈനംദിനചര്യയിൽ കുറച്ച് പിസ്ത കൂടി ഉൾപ്പെടുത്തുന്നത് ഞെട്ടിക്കുന്ന ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യും.
ഒരു പിസ്തയിൽ ഏകദേശം 4 കലോറി, 0.15 ഗ്രാം പ്രോട്ടീൻ, 0.12 ഗ്രാം കൊഴുപ്പ്, നാരുകൾ ഉൾപ്പെടെ 0.2 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഹീമോഗ്ലോബിൻ ഉൽപാദനത്തിനും നിർണായകമായ വിറ്റാമിൻ ബി 6, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ എന്നിവ അവയിലുണ്ട്. ഹൃദയാരോഗ്യം മുതൽ ശരീര ഭാരം നിയന്ത്രിക്കുന്നതിനുവരെ പിസ്ത ഗുണം ചെയ്യും.
ശരീര ഭാരം നിയന്ത്രിക്കുന്നു
ഉയർന്ന പ്രോട്ടീനും നാരുകളുടെ ഉള്ളടക്കവും വയർ നിറഞ്ഞ സംതൃപ്തി നൽകുന്നതിനാൽ കുറച്ച് ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കുന്നു. വൈകീട്ട് ലഘുഭക്ഷണമായി പിസ്ത കഴിക്കുന്നവർക്ക് ബോഡി മാസ് ഇൻഡക്‌സിൽ വലിയ കുറവുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം
പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർധനവിന് കാരണമാകുന്നില്ല. പ്രമേഹമുള്ളവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ലഘുഭക്ഷണമാണ്.
ഹൃദയാരോഗ്യം
ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കാനും അവ സഹായിക്കുന്നു. പിസ്ത കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പിസ്തയിലെ ഉയർന്ന അളവിലുള്ള ഫൈറ്റോസ്റ്റെറോളുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം
പിസ്തയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ സംയുക്തങ്ങൾക്ക് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
ദഹനാരോഗ്യം
പിസ്തയിലെ നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഗുണകരമായ കുടൽ ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ബദാമിനെ അപേക്ഷിച്ച് പിസ്ത കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.