അനധികൃതമായി ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയുടെ പബ്ലിക് സെകൃൂരിറ്റി വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കി. ഏത് തരത്തിലുള്ള സന്ദര്‍ശക വിസയിലുള്ളവരേയും ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഇരുപതിനായിരത്തോളം സന്ദര്‍ശക വിസയിലുള്ളവര്‍ക്കെതിരെ പിഴ അടക്കമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
മെയ് 23 ( ദുല്‍ ഖഅദ 15) മുതല്‍ ജൂണ്‍ 21 (ദുല്‍-ഹിജ്ജ 15) വരെ സന്ദര്‍ശക വിസയിലുള്ളവര്‍ മക്കയിലേക്ക് പോവുകയോ അവിടെ തുടരുകയോ ചെയ്യരുതെന്ന് പൊതു സുരക്ഷ ഊന്നിപ്പറയുന്നുണ്ട്. അനുമതിയുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന്റെ മതപരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനും അവരുടെ സൗകര്യങ്ങളും സുരക്ഷയും കണക്കിലെടുത്താണ് നിയന്ത്രണം ലക്ഷ്യമിടുന്നത്.
ഇതിനിടെ മക്കയില്‍ ജോലിയിലുള്ള തങ്ങളുടെ ബന്ധുക്കളുടെ കൂടെ കഴിയുന്ന നേരത്തെ തന്നെ സന്ദര്‍ശക വിസയിലെത്തിയ രണ്ട് മലയാളികള്‍ അധികൃതരുടെ പിടിയിലായതായി അനൗദ്യോഗിക വാര്‍ത്തയുണ്ട്. ഇവരുടെ ബന്ധുക്കള്‍ മക്കയില്‍ ജോലി ചെയ്യുന്നവരാണ്. മക്കയില്‍ ജോലിയിലുള്ള മലയാളികളുടെ ഉത്തരവാദിത്വത്തില്‍ സന്ദര്‍ശക വിസയിലെത്തി മക്കയില്‍ ബന്ധുക്കളുടെ കൂടെയാണ് താമസിച്ചുവന്നിരുന്നത്. ഹജ്ജ് സീസണില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് മക്കയില്‍ തങ്ങുന്നതിൽ വിലക്കുണ്ട്. ഹജ്ജ് അനുമതിയില്ലാത്തവരെ കണ്ടെത്താന്‍ ശക്തമായ തിരച്ചിലാണ് മക്കയില്‍ നടക്കുന്നത്. പള്ളിയില്‍ നമസ്‌ക്കാരത്തിനായി പോകുവാന്‍ താമസ സ്ഥലത്തിനു പുറത്തിറങ്ങിയപ്പോഴാണ് സന്ദര്‍ശക വിസയിലുള്ളവര്‍ പിടിയിലായതെന്നാണ് വിവരം.