ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. ബി.ജെ.പിക്ക് പരമാവധി മൂന്ന് സീറ്റുകൾ ലഭിക്കുമെന്ന പ്രവചനവും ചില എക്സിറ്റ് പോളുകൾ നടത്തുന്നുണ്ട്.
ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോളിൽ കേരളത്തിൽ യു.ഡി.എഫിന് വൻ നേട്ടമാണ് പ്രവചിക്കുന്നത്. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു.
കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍
യു.ഡി.എഫ്- 17-18
എല്‍.ഡി.എഫ്- 0-1
എന്‍.ഡി.എ- 2-3
എ.ബി.പി- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍
യു.ഡി.എഫ്- 17-19
എന്‍.ഡി.എ- 1-3
എല്‍.ഡി.എഫ്- 0
ഇന്ത്യ ടി.വി
യു.ഡി.എഫ്- 13-15
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എഫ- 1-3
ടൈംസ് നൗ-ഇ.ടി.ജി
യു.ഡി.എഫ് 14-15
എൽ.ഡി.എഫ് – നാല്
എൻ.ഡി.എ 1-3
അതേസമയം ദേശീയതലത്തിൽ എൻ.ഡി.എ സഖ്യം തന്നെ അധികാരത്തിൽ തുടരുമെന്നാണ് എക്‌സിറ്റ് പോൾ സൂചനകൾ. എൻ.ഡി.എ 371, ഇൻഡ്യാ സഖ്യം 125 എന്നാണ് ഇന്ത്യാ ന്യൂസ് എക്‌സിറ്റ് പോൾ പറയുന്നത്. റിപ്പബ്ലിക് ടി.വി എൻ.ഡി.എക്ക് 353-368 സീറ്റുകൾ പ്രവചിക്കുന്നു. എൻ.ഡി.ടി.വി എൻ.ഡി.എക്ക് 365 സീറ്റും ഇൻഡ്യാ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.