Health

പിന്നേ ഈ ഇരുപതാം വയസ്സിൽ അല്ലേ പല്ല് വരുന്നത്; എന്താണ് വിവേകദന്തങ്ങൾ ?

വല്ലാത്ത പല്ലു വേദന..എനിക്ക് പുതിയ പല്ല് വരുന്നുണ്ടെന്ന തോന്നുന്നത്. ഈ പ്രായത്തിലോ..നിനക്ക് പത്തിരുപത് വയസ്സായില്ലേ .? ഈ ചോദ്യം പലരും കേട്ട് കാണും അല്ലെ ? എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം ആണ് ഇരുപത്ത് വയസ്സ് ആകുമ്പോഴും പല്ല് വരുന്നത് കഴിയില്ല എന്നത്.
മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചുവരുന്ന അണപ്പല്ലുകളാണ് വിവേകദന്തങ്ങൾ (Wisdom teeth). അറിവായതിന് ശേഷം വരുന്ന പല്ലുകൾ എന്ന അർത്ഥത്തിലാണ് ഈ പേര്.ചില കുട്ടികൾക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റൽ ദന്തം എന്നാണിതിനെ വിളിക്കുന്നത്. ചിലകുട്ടികൾക്ക് പല്ല് വരാൻ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്. ആറു മുതൽ പതിനാലു വയസ്സിനുള്ളിൽ പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതൽ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങൾ.3 മുതൽ നാലു വയസ്സിനിടയ്ക്ക്‌ പ്രാഥമികദന്തങ്ങളുടെ കിളിർക്കൽ പൂർണ്ണമാകുന്നു.

പ്രാഥമികദന്തങ്ങൾ 20 എണ്ണമാണുള്ളത്‌.നടുവിലെ ഉളിപ്പല്ല്, അരികിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തിൽ കീഴ്താടിയിലെ ജോഡികൾ മേൽതാടിയിലെ ജോഡികൾക്ക്‌ മുൻപെ പ്രത്യക്ഷപ്പെടുന്നു. പ്രാഥമിക ദന്തങ്ങൾ അധിക സമയത്തിനകം നഷ്ടപ്പെടേണ്ടതാണെന്ന ധാരണയിൽ കാര്യമായ പ്രാധാന്യം അവയ്ക്ക്‌ നൽകാതെയിരുന്നാൽ സ്ഥിരദന്തങ്ങൾ‌ മുളച്ചു വരുന്നതിനുള്ള അകല ക്രമീകരണം സാധ്യമാവുകയില്ല.

പ്രാഥമികദന്തങ്ങൾ നഷ്ടപ്പെട്ടു തുടങ്ങുന്നതിനു മുൻപ്‌ ആറു വയസ്സിൽ സ്ഥിരദന്തത്തിലെ ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു. സാധാരണഗതിയിൽ 28 പല്ലുകൾക്കുള്ള സ്ഥലമേ വായിൽ ഉള്ളു. ഏതാണ്ട് 13 വയസ്സിനകം ഈ 28 പല്ലുകൾ മുളച്ചിരിക്കും.17-25 വയസ്സിലാണ് വിവേകദന്തങ്ങൾ വളർന്ന് വരിക. മുകളിലും താഴെയും മോണയുടെ നാലറ്റങ്ങളിൽ ഓരോ വിവേകദന്തങ്ങൾ ഉണ്ടാകും.മനുഷ്യ പരിണാമത്തിന്റെ ഭാഗമായാണ് വിവേകപല്ലുകൾ അത്യാവശ്യമില്ലാത്ത അവയവമായത്. മനുഷ്യന്റെ പരിണാമഘട്ടത്തിൽ താടിയെല്ലിന്റെ വലിപ്പം കുറഞ്ഞു വരുന്നതായിട്ടാണ്‌ കണ്ടു വരുന്നത്. പ്രാചീനകാലത്ത് മനുഷ്യൻ അസംസ്കൃത ഭക്ഷ്യപദാർത്ഥങ്ങൾ കടിച്ച് പറിച്ച് ചവച്ചരച്ചാണ് തിന്നിരുന്നത്. അതിന് ബലവും വലിപ്പവും കൂടുതലുള്ള താടിയെല്ലുകളും വേണ്ടിയിരുന്നു. പിന്നീട് മനുഷ്യന്റെ ഭക്ഷണശീലങ്ങൾ മാറി. മൃദുവായ ഭക്ഷണം ശീലിച്ച് തുടങ്ങി. അതോടെ താടിയെല്ലിന്റെയും അണപ്പല്ലിന്റെയും ഉപയോഗം കുറഞ്ഞു. ഇതും പരിണാമത്തിന് കാരണമായി കരുതുന്നുണ്ട്.വിവേകദന്തങ്ങൾ മുളച്ചു വരാത്തതിന്‌ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എല്ലാവരിലും വിവേകദന്തങ്ങൾ കാണണമെന്നില്ല. അതിനു കാരണം പാക്സ് 9 ജീനോ മറ്റു ജീനുകളോ ആണേന്നു കരുതുന്നു.