ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പാണ് ഇന്ന് പൂർത്തിയായത്. എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം 58.34 ശതമാനം പോളിങ് രേഖപ്പെടുത്തി. രാജ്യത്താകെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂണ് നാലിനാണ്.
543 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം നിയമസഭകളിലേക്കും വോട്ടെടുപ്പ് പൂർത്തിയായി. 2018 മുതൽ രാഷ്ട്രപതിഭരണത്തിലുള്ള ജമ്മു-കാഷ്മീരിലെ ലോക്സഭാ മണ്ഡലങ്ങളിലും ഇത്തവണ വോട്ടെടുപ്പ് നടന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടന്നത്.
ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും പൂർത്തിയായി. 1.8 കോടി കന്നി വോട്ടർമാരായിരുന്നു ഇത്തവണ ജനവിധിയിൽ പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം മൂന്നാമൂഴം നേടുമോ പ്രതിപക്ഷമായ ഇൻഡ്യ സഖ്യം മുന്നേറുമോ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സഭയാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം.
നരേന്ദ്ര മോദി മൂന്നാമൂഴം തേടുന്ന വാരാണസിയാണ് ഇന്ന് ജനവിധി തേടിയവയിൽ പ്രധാന മണ്ഡലം. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് മുഖ്യ എതിരാളി. ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതിയും മുൻ കേന്ദ്ര മന്ത്രി രാംകൃപാൽ യാദവും ഏറ്റുമുട്ടുന്ന പാടലീപുത്ര, ആപ് പിന്തുണയോടെ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ജനവിധി തേടുന്ന ചണ്ഡിഗഢ്, മുൻ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ സിറ്റിങ് സീറ്റായ പട്ന സാഹിബ്, കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങും ബി.ജെ.പിയുടെ കങ്കണ റണാവതും മത്സരിക്കുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി എന്നിവയാണ് അവസാന ഘട്ടത്തിൽ ശ്രദ്ധേയമായ മറ്റു മണ്ഡലങ്ങൾ.