ന്യൂഡൽഹി: ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിപക്ഷ സഖ്യകക്ഷികളുടെ നിർണായക യോഗം ചേർന്നത്. കെജ്‌രിവാൾ, രാഘവ് ഛദ്ദ, അഖിലേഷ് യാദവ്, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെ 23 പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
‘വിവിധ പാർട്ടികൾ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് 295 സീറ്റ് നേടുമെന്ന് വിലയിരുത്തിയത്. സർക്കാർ സർവേയല്ല ഇത്. എൻഡിഎ 235 സീറ്റുകളിൽ കൂടുതൽ നേടില്ല. കൗണ്ടിംഗ് ദിനത്തിൽ ജാഗ്രത പാലിക്കണമെന്ന് പ്രവർത്തർക്ക് കർശന നിർദേശം നൽകും. ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണ്. ഐക്യത്തോടെയാണ് സഖ്യം മുന്നോട്ട് പോകുന്നത്’, ഖാർഗെ പറഞ്ഞു.
പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല, എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർവ്വശക്തിയുമുപയോഗിച്ച് പോരാടി, ജനങ്ങൾ തങ്ങളെ പിന്തുണച്ചതിനാൽ നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം മുന്നണി യോഗത്തിൽ വിശകലനം ചെയ്തു. കേരളത്തിലെ മുഴുവൻ സീറ്റുകൾക്ക് പുറമെ ഉത്തർപ്രദേശ് -40, രാജസ്ഥാൻ -ഏഴ്, മഹാരാഷ്ട്ര -24, ബിഹാർ -22, തമിഴ്നാട് -40, ബംഗാൾ -24, പഞ്ചാബ് -13, ചണ്ഡിഗഡ് -ഒന്ന്, ഡൽഹി -നാല്, ഛത്തീസ്ഗഡ് -അഞ്ച്, ഝാർഖണ്ഡ് -പത്ത്, മധ്യപ്രദേശ് -ഏഴ്, ഹരിയാന -ഏഴ്, കർണാടക -15-16 എന്നിങ്ങനെയാണ് മുന്നണി ഉറപ്പാക്കിയിരിക്കുന്ന സീറ്റുകളുടെ എണ്ണം. ഇവയ്ക്കു പുറമെ തെലങ്കാന ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന സീറ്റുകൾ ലഭിക്കുമെന്നും സർക്കാർ രൂപവത്കരിക്കാനാവുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു.
മമത ബാനർജിയും എംകെ സ്റ്റാലിനും യോഗത്തിൽ പങ്കെടുത്തില്ല. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മമത മുൻകൂട്ടി അറിയിച്ചിരുന്നു. ഡിഎംകെയെ പ്രതിനിധീകരിച്ച് ടിആർ ബാലു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യാ മുന്നണി യോഗം ചേരുന്നതിന്റെ വീഡിയോ ഖാർഗെ തന്നെയാണ് എക്സിൽ പങ്കുവച്ചത്.