ബെംഗളൂരു: ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ ജൂൺ ഏഴിന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ബെംഗളൂരു കോടതി. ബി.ജെ.പി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ കേശവ് പ്രസാദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ പദ്ധതികൾക്ക് ബി.ജെ.പി നേതാക്കൾ 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ഹരജി.
മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെയും കേശവ് പ്രസാദ് മാനനഷ്ടക്കേസ് നൽകിയിരുന്നു. ഇരു നേതാക്കളും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി കേസിൽ ജാമ്യം നേടി.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാക്കൾ തെറ്റായ പരസ്യം നൽകിയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
അതേസമയം, വി.ഡി സവർക്കറുടെ അനന്തരവൻ സമർപ്പിച്ച ഹരജിയിൽ പൂനെ കോടതി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ചിരുന്നു. 2023ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ അനന്തരവൻ കോടതിയെ സമീപിച്ചത്.