യുഎഇയുടെ മധ്യസ്ഥതയില്‍ 150 റഷ്യന്‍, യുക്രെയ്ന് തടവുകാര്‍ക്ക് മോചനം. ഇരു ഭാഗത്ത് നിന്നും ആകെ 150 തടവുകാര്‍ മോചിപ്പിക്കപ്പെട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. എന്നാല്‍ ഓരോ രാജ്യത്ത് നിന്നും എത്ര പേരാണ് മോചിപ്പിക്കപ്പെട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് രാജ്യങ്ങളുമായും യുഎഇ പുലര്‍ത്തുന്ന ശക്തമായ ബന്ധം ഉപയോഗപ്പെടുത്തിയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തടവുകാരുടെ കൈമാറ്റം വിജയകരമാക്കുന്നതിന് യുഎഇ മധ്യസ്ഥതയോട് സഹകരിച്ചതിന് റഷ്യൻ ഫെഡറേഷന്റെയും റിപ്പബ്ലിക് ഓഫ് യുക്രെയ്ന്റെയും സർക്കാറുകളോട് മന്ത്രാലയം അഭിനന്ദനം അറിയിച്ചു.
യുക്രെയ്നിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള തുടർ ശ്രമങ്ങൾക്ക് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം റഷ്യയും യുക്രെയ്നും തമ്മിൽ മൂന്നു തവണ യുദ്ധത്തടവുകാരുടെ കൈമാറ്റം പൂർത്തിയാക്കുന്നതിൽ യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചിരുന്നു. ഇതുവഴി 600ഓളം പേർക്കാണ് മോചനം സാധ്യമായത്. ജനുവരിയില്‍ 248 തടവുകാര്‍ റഷ്യയിലേക്കും 230 തടവുകാര്‍ യുക്രെയ്നിലേക്കും തിരികെ എത്തിയിരുന്നു. 2022 ഡിസംബറിൽ യു.എസും റഷ്യയും തമ്മിൽ രണ്ട് തടവുകാരെ വിജയകരമായി കൈമാറ്റം ചെയ്തതിനും യുഎഇയുടെ മധ്യസ്ഥത സഹായിച്ചു.