ലഖ്നൗ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരസ്യ ആയുധ പരിശീലന ക്യാമ്പുകളുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ. യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ തോക്കുകളടക്കം ഉപയോഗിച്ച് നടത്തുന്ന സൈനിക മാതൃകയിലുള്ള ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ചൂണ്ടിക്കാട്ടുന്ന മാധ്യമ- ഗവേഷണ സംരംഭമായ ഹിന്ദുത്വ വാച്ച് ആണ് ആയുധപരിശീലന ദൃശ്യങ്ങൾ തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ആർഎസ്എസ് പോഷകസംഘടനകളായ വിശ്വഹിന്ദു പരിഷത്തും അതിന്റെ യുവജന സംഘടനയായ ബജ്രംഗ്ദളും അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തുമാണ് വിവിധയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. മധ്യപ്രദേശിലെ സെഹോറിൽ ഒരാഴ്ച നീണ്ട നിൽക്കുന്ന കാമ്പ് ആയിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ആയുധ പരിശീലന കാമ്പിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. ബജ്റംഗ് ദൾ പ്രവർത്തകരും സമാന രീതിയിൽ തോക്കും വടികളും കയ്യിലേന്തി റാലികളും നടത്തിയതായാണ് റിപ്പോർട്ട്. കാവിക്കൊടികളും ചൂരലുമായി മണ്ഡ്ലയിലും ബജ്റംഗ് ദൾ പ്രവർത്തകർ റാലി നടത്തിയിരുന്നു.
ഗുജറാത്തിലെ സ്ബർകന്തയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ഹിന്ദു പുരുഷ വിഭാഗത്തിന് അന്ത്രരാഷ്ട്രീയ ഹിന്ദു പരിഷത്ത് ആയുധ പരിശീലനം നൽകിയതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികൾ റൈഫിളുകളുമായി കാവി റിബൺ ധരിച്ച് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
മെയ് 30നായിരുന്നു ഉത്തർപ്രദേശിലെ ലഖിംപൂരിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ബജ്റംഗ് ദളിന്റെ റാലി. മെയ് 18 നും ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിലെ തെരുവുകളിൽ ചൂരലും വാളുകളും വീശി ബജ്റംഗ്ദൾ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.
ഛത്തീസ്ഗഡിലെ റായ്പൂരിൽ പൊലീസ് സംരക്ഷണത്തോടെ ചൂരലേന്തി കാവി കൊടി പിടിച്ച തീവ്ര ഹിന്ദുത്വ അംഗങ്ങളുടെ റാലി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമാന രീതിയിൽ യു.പി, ഉജ്ജെയിൻ എന്നിവിടങ്ങളിലും വി.എച്ച്.പിയുടെ വനിതാ അംഗങ്ങൾ തോക്ക്, വടി, ചൂരൽ, വാൾ എന്നിവയുമായി നടത്തിയ റാലിയും ദൃശ്യങ്ങളിൽ കാണാം.
വിഎച്ച്പി വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ 500ലധികം പ്രവർത്തകർ മധ്യപ്രദേശിലെ ഉജ്ജൈനിയിലെ നഗ്ദ ഏരിയയിൽ വടി, തോക്കുകൾ, വാളുകൾ എന്നിവയുമായി തെരുവുകളിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മെയ് അവസാന ദിവസങ്ങളിൽ, ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ രാംസനേഹി ഘട്ടിലും വടികൾ, വാളുകൾ, തോക്കുകൾ എന്നിവയുമായി ദുർഗാവാഹിനി പ്രവർത്തകർ തെരുവിൽ മാർച്ച് ചെയ്തിരുന്നു.