History

നിഗൂഢമായ അന്തിയുറക്കത്തിന്റെ രഹസ്യം ഇന്നും ചുരുളഴിഞ്ഞിട്ടില്ല : ആയിരം കൊല്ലം പഴക്കമുണ്ട് ആ രഹസ്യത്തിന് : തിരഞ്ഞു പോയിട്ടില്ല ഇതുവരെ ആരും, കാരണമിതാണ്?

അലങ്കരിച്ച മകുടം കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കും

ആയിരം വർഷത്തിലധികം ചരിത്രം പേറുന്ന മുസ്ലിം ആരാധനാലയമാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തിലെ പുരാതനമായ മുസ്‌ലിം പള്ളികളിൽ രൂപഭംഗിയിൽ ഏറ്റവും മികച്ചത് ഈ മസ്ജിദ് തന്നെയണ്. കോട്ടയം ജില്ലയിലെ മീനച്ചിലാറിനോട് ചേർന്നാണ് ഈ ആരാധനാലയം സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും കേരളീയ വാസ്തുവിദ്യയിൽ പണികഴിപ്പിച്ച ഈ പള്ളികോട്ടയത്തെ മുസ്‌ലിം പൈതൃകത്തിന്റെ അടയാളമായി ഇന്നും നിലനിൽക്കുന്നു. കേരളീയ വാസ്തുവിദ്യയും കൊത്തുപണികളും തച്ചുശാസ്ത്ര തന്ത്രങ്ങളും പരമ്പരാഗത മുസ്ലിം പള്ളികളുടെ നിർമിതിയിൽ നിന്നും ഇതിനെ വേറിട്ട നിർത്തുന്നു. കാലാനുസൃതമായ ചെറിയ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പഴയ പൈതൃകം നഷ്ടപ്പെടുത്തിയുള്ള ഒരു നിർമ്മിതിയും പുതുതായി ഈ പള്ളിയിൽ വന്നിട്ടില്ല. ഈ പള്ളിയിലേക്ക് എത്തുന്ന വരെ കാത്ത് കേരളത്തനിമയിലുള്ള ഒരു മട്ടുപ്പാവ ഉണ്ട്. പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച മകുടം കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കും. വിവിധ നിറങ്ങളിൽ പെയിൻറ് ചെയ്ത വിശിഷ്ടമായ കൊത്തുപണികളാണ് ഇതിൻറെ മാറ്റുകൂട്ടുന്നത്.

പള്ളിയുടെ പ്രധാന കവാടമായ കിഴക്ക് ഭാഗത്തുള്ള മുഖപ്പിലാണ് ഏറ്റവും സവിശേഷമായതും ഭംഗിയുള്ളതുമായ കൊത്തുപണികൾ കാണപ്പെടുന്നത്. മറ്റ് രണ്ട് മുഖപ്പുകളേക്കാളും വിശാലമായത് കിഴക്ക് വശത്തുള്ള ഈ മുഖപ്പിനാണ്. എന്നാൽ, പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് വടക്ക് ഭാഗത്തുള്ള വലുതും ചെറുതുമായ മറ്റ് രണ്ട് മുഖപ്പുകളാണ്.

മസ്ജിദിന്റെ പ്രധാന കവാടം വടക്ക് ഭാഗത്താണ് ഉള്ളത്. കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് ഈ മസ്ജിദ് സ്ഥിതിചെയ്യുന്നത്. മുമ്പ് ഇതിൻറെ പ്രധാന കവാടം കിഴക്കായിരുന്നു. എന്നാൽ നിലവിലെ പ്രവേശന കവാടം വടക്ക് ഭാഗത്താണ് ഉള്ളത്. പള്ളിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിലിലെ കട്ടള പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചതാണ്. 800 വർഷത്തിനു മുകളിലുള്ള നിർമ്മിതികളിലാണ് ഇത്തരത്തിൽ കരിങ്കല്ലിൽ നിർമ്മിച്ച കട്ടള കണ്ടുവരുന്നതെന്ന് പഴമക്കാർ പറയുന്നു.

പള്ളിയുടെ ചരിത്രം

താഴത്തങ്ങാടി ജുമാ മസ്ജിദിന് രേഖാപരമായ ചരിത്രമില്ല. ആയിരം വർഷത്തിലേറെ പഴക്കമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഇസ്‌ലാമിക പ്രചരണത്തിനായി അറേബ്യയിൽനിന്ന് കേരളത്തിലെത്തിയ പ്രവാചകന്റെ അനുയായി ആയ മാലിക് – ബിൻ – ദീനാറിന്റെ സഹോദര പുത്രൻ മാലിക് – ബിൻ – ഹബീബ്, താഴത്തങ്ങാടിയിൽ എത്തുകയും ഈ മസ്ജിദ് നിർമ്മിച്ചതായി വിശ്വസിക്കുന്നു.

അങ്ങനെയെങ്കിൽ അറബികളുമായി വ്യാപാരരംഗത്ത് ഇടപഴകിയ തദ്ദേശീയരായ മുസ്‌ലിം ജനത ഇവിടെ ഉണ്ടായിരുന്നു എന്നു കരുതേണ്ടിവരും. അറേബ്യയിൽനിന്ന് ഇസ്‌ലാമിക പ്രചരണത്തിനായി എത്തിയ മാലിക് – ബിൻ – ദീനാറിന്റെ കാലം മുതലാണ് കേരളത്തിൽ ഇസ്‌ലാം മതം പ്രചരിച്ചു തുടങ്ങിയത് എന്നു പല പഴയകാല ചരിത്രഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം കേരളത്തിൽ പത്തു പള്ളികളും തമിഴ്‌നാട്ടിൽ ഒരു പള്ളിയും സ്ഥാപിച്ചുവത്രെ. അദ്ദേഹത്തിന്റെ പിൻഗാമിയും സഹോദരപുത്രനുമായ മാലിക് – ബിൻ – ഹബീബ് കൊല്ലം മുതൽ കൊടുങ്ങല്ലൂർ വരെ സ്ഥാപിച്ച പത്ത് പള്ളികളിൽ ഒന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണ് നിലവിലുള്ള വിശ്വാസം. തെക്കുംകൂർ രാജാവാണ് പള്ളിയുടെ ഇന്നു കാണുന്ന പ്രകാരം പണി കഴിപ്പിക്കുന്നതിന് അനുമതി നൽകിയത്. കൊച്ചിയിലെ ഖാസിയായിരുന്ന ശൈഖ് അഹമ്മദ് ഇവിടുത്തെ ആദ്യകാല്യ ആചാര്യനായിരുന്നു.

നിഗൂഢമായ ഖബറുകൾ

പള്ളിയോട് ചേർന്നുള്ള ഖബറുകൾ ആരുടേതാണെന്ന് ഇന്നും ദുരൂഹമായി തുടരുന്നു. പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആശാരിമാരിൽ ഒരാൾ പള്ളിയുടെ മേൽക്കൂട്ട് സ്ഥാപിച്ച ശേഷം മുകളിൽനിന്നും ബോധരഹിതനായി നിലത്ത് വീണു മരണപ്പെട്ടുവെന്നും അദ്ദേഹത്തെ പള്ളിയോട് ചേർന്ന് ഖബറടക്കിയെന്നും കരുതുന്നു. അതല്ല, ആദ്യകാല ഇസ്‌ലാമിക പ്രചാരകരുടെ ഖബർ ആവാമെന്നും കരുതുന്നു. ഏതായാലും ഈ ഖബറുകളുടെ കാര്യത്തിൽ കൃത്യമായ വിവരം ലഭ്യമല്ല.

നിഴൽ ഘടികാരം

ക്ലോക്കുകളും വാച്ചുകളുമെല്ലാം കണ്ടുപിടിക്കുന്നതിനു മുന്‍പ് സൂര്യപ്രകാശത്തിൽ നിഴലുകൾ അളന്നായിരുന്നു സമയം കണക്കാക്കിയിരുന്നത്. പള്ളിയുടെ മുറ്റത്തായി സമചതുരാകൃതിയിൽ ശിലാനിർമ്മിതമായ ഒരു ഫലകം സ്ഥാപിച്ചതായി കാണാം. ഇതിന്റെ നടുവിൽ വൃത്താകാരത്തിൽ ഒരു ദ്വാരവുമുണ്ട്. അത്തരത്തിൽ ഫലകത്തിന്റെ നടുവിലുള്ള ദ്വാരത്തിലൂടെ സൂര്യപ്രകാശം കടക്കുമ്പോൾ കാണുന്ന നിഴൽ കണക്കാക്കിയാണ് പകൽ സമയത്തെ നിസ്കാരത്തിന്റെ സമയം കണക്കാക്കിയിരുന്നത്. പഴമയുടെ ഓർമ്മയ്ക്കെന്നോണം ഇത് ഇന്നും സംരക്ഷിച്ചുവരുന്നു.

മുക്കൂറ്റ് സാക്ഷ

പുറം പള്ളിയിൽ നിന്ന് അകമ്പളയിലേക്ക് പ്രവേശിക്കുന്ന വാതിൽ ശ്രദ്ധിച്ചാൽ അത്യപൂർവ്വമായ ഒരു കാഴ്ച കാണാം. ഓരോ നായും അല്ലാതെ ഒരുമിച്ചും അടയ്ക്കാനും തുറക്കാനും കഴിയുന്ന മൂന്ന് സാക്ഷകളാണ് ആ പ്രത്യേകത. മുക്കൂറ്റ് സാക്ഷ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് അടയ്ക്കാനും തുറക്കാനും നല്ല പരിശീലനം ആവശ്യമാണ്. ഇത് എങ്ങനെ നിർമ്മിക്കപ്പെടുന്ന ഇപ്പോഴും ആർക്കും മനസ്സിലായിട്ടില്ല. ആധുനിക സാങ്കേതികവിദ്യയെ വെല്ലുവിളിക്കുന്ന സൂത്രപ്പണിയാണ് ഇതിൽ ഉള്ളത്.

രണ്ടാമത്തെ വാതിലിന്റെ പൂട്ട് മണിച്ചിത്രത്താഴിന് സമാനമാണ്. കൊത്തുപണികളാൽ ഈ വാതിലും മനോഹരമാകുന്നു. സ്പടിക തൂക്ക് വിളക്കുകളും കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്നു.

പള്ളിയെത്താങ്ങി നിർത്തുന്ന തൂണുകൾ തേക്കുകൊണ്ട് നിർമ്മിച്ചതാണ്. അകംപള്ളിയിലും പുറം പള്ളിയിലുമായി ആകെ 8 തൂണുകൾ കാണാം. ള്ളിയുടെ അകത്തെ മേൽക്കൂരയിൽ തീർത്ത കൊത്തുപണികളും എടുത്തുകെട്ടിൽ ഘടിപ്പിച്ച പൂക്കളും കൗതുകകാഴ്ച തന്നെയാണ്. അകം പള്ളിയിൽ കമാനാകൃതിയിൽ തീർത്ത മിഹ്‌റാബും (പള്ളിയിലെ ഇമാം നിസ്കാരത്തിനു നേതൃത്വം നൽകുന്ന സ്ഥലം) തൊട്ടടുത്തുള്ള മിംബറും (വെള്ളിയാഴ്ചയും പെരുന്നാൾ ദിവസങ്ങളിലും ഇമാം ഖുതുബ പ്രഭാഷണം നിർവ്വഹിക്കുന്ന പ്രസംഗപീഠം) കാണാം.

മാളികപ്പുറം

പെരുന്നാൾ ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും ആളുകൾ കൂടുന്ന സന്ദർഭങ്ങളിലും നിസ്കരിക്കാൻ തയ്യാറാക്കിയതാണ് മാളികപ്പുറം. പുറം പള്ളിയിൽനിന്ന് ഗോവണി കയറിയാൽ മാളികപ്പുറത്ത് എത്താം. അകം പള്ളിയും പുറംപള്ളിയും ചേർന്നാൽ എത്ര വലുപ്പമുണ്ടോ അത്രയും വലിപ്പമുണ്ട് മാളികപ്പുറത്തിന്. താഴെ നിലയിലുള്ള എട്ട് തൂണുകളുടേയും മുകളറ്റം മാളികപ്പുറത്തെ മേൽക്കൂര വരെ നീണ്ടുനിൽക്കുന്നു. വാസ്തുവിദ്യാപരമായ ഒട്ടേറെ സവിശേഷതകൾ ഈ മുകൾനിലയിലുണ്ട്. മേൽത്തട്ടിനും ഭിത്തിക്കുമിടയിലെ ചുറ്റുമുള്ള അറയിലൂടെ വായുസഞ്ചാരം സാധ്യമാക്കി പള്ളിയിൽ തണുപ്പ് നിലനിർത്താനുള്ള പഴയകാല സംവിധാനം ഇവിടെയുണ്ട്. മേൽക്കൂട്ടിന്റെ പണികളും ചെറിയ രൂപത്തിലുള്ള കൊത്തുപണികളും നിർമ്മാണത്തിലെ വൈദഗ്ദ്ധ്യം വിളിച്ചോതുന്നു.