Kerala

പി.സി ചാക്കോ എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്‍റ്

ന്യൂഡൽഹി: പി.സി. ചാക്കോ എന്‍.സി.പി (ശരദ് ചന്ദ്രപവാര്‍) ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്. പി.സി ചാക്കോയെയും സുപ്രിയ സുലേയേയും വര്‍ക്കിങ് പ്രസിഡന്‍റുമാരായി നിയമിച്ച് എന്‍.സി.പി. ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ ഉത്തരവിറക്കി. നിലവിൽ എൻ.സി.പി സംസ്ഥാന അധ്യക്ഷനാണ് പി.സി ചാക്കോ.

രണ്ട് പേരുടെയും നേത്യത്വം സംഘടനയെയും പാർട്ടിയുടെ ലക്ഷ്യങ്ങളെയും നയങ്ങളെയും ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണെന്ന് എൻ.സി.പി ഔദ്യോഗിക പേജിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ഡൽഹിയുടെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നത്.

പാര്‍ട്ടി പിളര്‍ത്തി അജിത് പവാര്‍ ചിഹ്നവും പേരും സ്വന്തമാക്കുന്നതിനുമുമ്പ് നടന്ന പുനഃസംഘടനയില്‍ സുപ്രിയ സുലേയും പ്രഫുല്‍ പട്ടേലും വര്‍ക്കിങ് പ്രസിഡന്റുമാരായിരുന്നു. ജനറല്‍ സെക്രട്ടറിയായി അന്ന് സുനില്‍ തത്കറെയെ തിരഞ്ഞെടുത്തിരുന്നു.

കഴിഞ്ഞ ജൂലായിലായിരുന്നു അജിത് പവാര്‍ എന്‍.സി.പി. പിളര്‍ത്തി ശിവസേന (ഏക്‌നാഥ് ഷിന്ദേ)- ബി.ജെ.പി. സര്‍ക്കാരിന്റെ ഭാഗമായത്. വര്‍ക്കിങ് പ്രസിഡന്റായിരുന്ന പ്രഫുല്‍ പട്ടേലും ജനറല്‍ സെക്രട്ടറിയായിരുന്ന സുനില്‍ തത്കറേയും അന്ന് അജിത് പവാറിനൊപ്പം നിലകൊണ്ടു.