ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ 183 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സെടുത്തത്.
ഋഷഭ് പന്ത് അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ഭേദപ്പെട്ട സംഭാവന നല്‍കിയപ്പോള്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
രോഹിത് 19 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ആറു പന്തുകള്‍ നേരിട്ട സഞ്ജു ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. 32 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 53 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സന്നാഹ മത്സരമായതിനാല്‍ തന്നെ പന്ത് പിന്നീട് റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുകയായിരുന്നു.
18 പന്തില്‍ നിന്ന് 31 റണ്‍സെടുത്തെങ്കിലും സൂര്യകുമാറിന്റെ ഇന്നിങ്‌സില്‍ പക്ഷേ ഒരു സിക്‌സ് പോലും ഉണ്ടായിരുന്നില്ല. 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് ഐപിഎല്ലിലെ വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. എന്നാല്‍ 23 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തു.
ഒരേയൊരു മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.