തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും കാലവർഷം ശക്തി പ്രാപിച്ചു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു മുകളിലായി ഉയർന്ന തലത്തിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഇന്നു ശക്തമായ മഴ ലഭിച്ചേക്കും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 5 വരെ സംസ്ഥാനത്താകെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കാലവർഷമെത്തിയതിന്റെ ഒന്നാം ദിവസം കോട്ടയത്താണ് ഏറ്റവും അധികം മഴ ലഭിച്ചത്– 80.2 മില്ലിമീറ്റർ. 537% അധിക മഴയാണ് കോട്ടയം ജില്ലയിൽ പെയ്തത്.
മിന്നലേറ്റ് 2 പേർ മരിച്ചു
മിന്നലേറ്റ് തൃശൂരിൽ 2 പേർ മരിച്ചു. എരുമപ്പെട്ടി വേലൂർ കുറുമാൽപള്ളിക്കു സമീപം തോപ്പിൽ വീട്ടിൽ ഗണേശൻ (50), തളിക്കുളം കോതകുളം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണു മരിച്ചത്. കോട്ടയത്ത് ചിറഭാഗം അന്തിക്കാട് ബെന്നി തോമസിന്റെ മകൾ അൽഫോൻസയ്ക്ക് (29) മിന്നലിൽ പൊള്ളലേറ്റു.