ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‍ കേജ്‍രിവാൾ ഇന്നു ജയിലിലേക്ക് മടങ്ങേണ്ടി വരും. മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടർന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാൽ, ജഡ്ജി കാവേരി ബവേജ ഉത്തരവ് ബുധനാഴ്ചത്തേക്കു മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഏറക്കുറെ ഉറപ്പായത്. സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യം നീട്ടണമെന്നല്ല, പകരം ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കേജ്‍രിവാൾ അപേക്ഷിച്ചിരിക്കുന്നതെന്നു വിചാരണക്കോടതി നിരീക്ഷിച്ചു.
ഇടക്കാല ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിൽ മാറ്റം വരുത്താൻ വിചാരണക്കോടതിക്കു കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടക്കാല ജാമ്യ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി രജിസ്ട്രി തയാറായിരുന്നില്ല. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.