Saudi Arabia

സമൂഹ മാധ്യമം വഴി വ്യാജ ഹജ്ജ് പ്രചാരണം, രണ്ട് പേർ അറസ്റ്റിൽ

സംശയാസ്പദമായ ഓൺലൈൻ പരസ്യങ്ങളോട് പ്രതികരിക്കാതിരിക്കാനും ജാഗ്രത പാലിക്കാനും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി

മക്ക : സമൂഹ മാധ്യമം വഴി വ്യാജ ഹജ്ജ് പ്രചാരണം നടത്തിയതിന് രണ്ട് ഈജിപ്ഷ്യൻ നിവാസികളെ മക്ക പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. തീർഥാടകർക്ക് താമസം, യാത്രാസൗകര്യം, ബലിയറുക്കൽ എന്നിവ വാഗ്ദാനം ചെയ്തായിരുന്നു പ്രചാരണം. അധികാരികൾ വ്യക്തികളെ പിടികൂടുകയും നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംശയാസ്പദമായ ഓൺലൈൻ പരസ്യങ്ങളോട് പ്രതികരിക്കാതിരിക്കാനും ജാഗ്രത പാലിക്കാനും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

വ്യാജ പരസ്യങ്ങൾ വഴി ഹജ്ജ് നിർവഹിക്കൽ, ബലി കർമത്തിന് സംവിധാനമൊരുക്കൾ , താമസം, ഗതാഗത സൗകര്യം എന്നിവ പോലുള്ള സേവനങ്ങളിൽ വിശ്വാസികൾ വീഴരുതെന്നും ഔദ്യോഗിക രീതിയിലല്ലാതെ ഹജ്ജ് ചെയ്യാനുള്ള പെർമിറ്റ് നേടാൻ ശ്രമിക്കരുതെന്നും ബന്ധപ്പെട്ടവർ ഓർമപ്പെടുത്തി.

തീർഥാടകരെ കബളിപ്പിക്കാനും വഞ്ചിക്കാനും മാത്രമുള്ള സാങ്കൽപിക സ്ഥാപനങ്ങളും വ്യക്തികളും ഈ തട്ടിപ്പുകളിൽ ഉൾപ്പെടുന്നുവെന്നും ഏറെ ജാഗ്രത കാണിക്കണമെന്നും നിർദേശം നൽകി. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതവും നിയമാനുസൃതവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും പാലിക്കാൻ ആവശ്യപ്പെടുന്നു.