2024 മെയ് 15 ന് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത ഭവന വായ്പ കമ്പനിയായ ആധാര്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് 2024 സാമ്പത്തിക വർഷത്തെയും 2024 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തിലെയും സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2024 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി കൈകാര്യംചെയ്യുന്ന ആകെ ആസ്തിയുടെ മൂല്യം (എയുഎം)21,121 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 17,223 കോടി രൂപയായിരുന്നു. 23 ശതമാനമാണ് വര്‍ധനവ്. കമ്പനിയുടെ വായ്പാ വിതരണം മുന്‍ വര്‍ഷത്തെ 5903 കോടി രൂപയില്‍ നിന്നും 20 ശതമാനം വളര്‍ച്ചയോടെ 7072 കോടി രൂപയായി.
2024 സാമ്പത്തിക വര്‍ഷം കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള ലാഭം 750 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ 564 കോടി രൂപയെ അപേക്ഷിച്ച് 33 ശതമാനമാണ് ലാഭ വര്‍ധന. മൊത്ത നിഷ്‌ക്രിയ ആസ്തി 1.16 ശതമാനത്തില്‍ നിന്നും 1.08 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.84 ശതമാനത്തില്‍ നിന്നും 0.71 ശതമാനമായും കുറഞ്ഞു.
2024 സാമ്പത്തിക വര്‍ഷം കമ്പനിക്ക് മികച്ച വര്‍ഷമായിരുന്നെന്നും രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് ഭവന വായ്പ ലഭ്യമാക്കുന്നതില്‍ തുടര്‍ന്നും ശ്രദ്ധയൂന്നുമെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും താഴ്ന്ന വരുമാനക്കാരെയും ശാക്തീകരിക്കുന്നതിനുള്ള സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കുമെന്നും ആധാര്‍ ഹൗസിങ് ഫിനാന്‍സ് എംഡിയും സിഇഒയുമായ ഋഷി ആനന്ദ് പറഞ്ഞു