അവയവ കൈമാറ്റത്തിന്റെ പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ആശുപത്രി ജീവനക്കാര്‍ വരെയുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, ഇവരെ എന്തു ചെയ്യാന്‍ കഴിഞ്ഞുവെന്നത് ഇന്നും കീറാമുട്ടിയായ പ്രശ്‌നമാണ്. കാരണം, അവയവക്കച്ചവട സംഘത്തിന്റെ ഹൈദരാബാദ് ബോസ് പിടിയിലായത് ഇന്നലെ മാത്രമാണ്. ഇതുപോലെ ശരീരത്തിന്റെ ഭാഗങ്ങള്‍ക്ക് വിലയിട്ട് മുറിച്ചുവില്‍ക്കുന്ന മാഫിയകളെ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ‘ബോസ്’ കളുടെ കൂട്ടായമകള്‍ വരെയുണ്ടെന്ന് സംശയിച്ചാല്‍ തെറ്റു പറയാനൊക്കില്ല.
2020 വരെയുള്ള 8 വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തിലേറെ അവയവക്കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 20020 ഉം കഴിഞ്ഞ് പിന്നെയും നാലു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അപ്പോഴും ഈ കച്ചവടത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച മൃതസഞ്ജീവനി പദ്ധതിയെ മാഫിയകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേണം ഏജന്റുമാര്‍, ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടെങ്കിലും പ്രതികളെ കണ്ടെത്താനാകാതെ അവസാനിപ്പിക്കുയായിരുന്നു.
പിന്നെ ഇപ്പോഴാണ് വീണ്ടും അന്വേഷണങ്ങള്‍ സജീവമാകുന്നത്. അവയവക്കച്ചവടവുമായി നേരത്തെ കേട്ടിരുന്നത്, രോഗി ബ്രെയിന്‍ഡെത്ത് സംഭവിച്ചുവെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്നാണ് അവയവങ്ങള്‍ മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബന്ധുക്കളുമായി നടത്തുന്നത്. ഇങ്ങനെ അവയവങ്ങള്‍ ബന്ധുക്കളുടെ അനുമതിയോടെ മുറിച്ചെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് വ്യാപകമായപ്പോഴാണ് പരാതികള്‍ ഉയര്‍ന്നതും അന്വേഷണം നടന്നതും. കൂടാതെ, സര്‍ക്കാരിന്റെ അവയവ ദാന സംവിധാനം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. അവിടം കൊണ്ടൊന്നും തീരാത്തതാണ് ഈ അവയവക്കച്ചവട മാഫിയയുടെ പിടി.
2018 മുതല്‍ 2020 വരെ തൃശൂര്‍ കൊടുങ്ങല്ലൂരില്‍ നടന്ന 35 അവയവക്കച്ചവടങ്ങളെക്കുറിച്ച് ഇന്റലിജന്‍സും തുടര്‍ന്ന് ക്രൈംബ്രാഞ്ചും പരിശോധന നടത്തിയിരുന്നു. 2020 ഒക്ടോബര്‍ 19ന് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റിനെ ഡിജിപി ചുമതലപ്പെടുത്തിയെങ്കിലും ആരെയും പിടികൂടാനായില്ല എന്നതാണ് വസ്തുത. നിലവിലുള്ള നിയമം അനുസരിച്ച് അവയവ മാഫിയയെ പിടികൂടാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ചട്ടങ്ങള്‍ പാലിക്കാതെ അവയവം സ്വീകരിക്കുന്നതു പോലെ തെറ്റാണു ചട്ടം ലംഘിച്ചുള്ള അവയവം നല്‍കല്‍.
അതിനാല്‍ ഈ കേസില്‍ പരാതിക്കാരായി ആളെ കിട്ടുന്നില്ല. കേസില്‍ പ്രതിയാകുമെന്നു കരുതി ദാതാക്കള്‍ മൗനം പാലിക്കും. എന്നാല്‍, ചട്ടം ലംഘിച്ചുള്ള അവയവ കൈമാറ്റത്തിനെതിരെ ഹര്‍ജി നല്‍കതിയിരുന്ന ഡോ.എസ്.ഗണപതി അവയവ മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകളെക്കുറിച്ച് അറിയാവുന്ന വിവരങ്ങളും രേഖകളും കൈമാറി. എന്നാല്‍, അന്വേഷണ സംഘം പിന്നീടു വിളിക്കുകയോ അന്വേഷണം എന്തായെന്നു വ്യക്തമാക്കുകയോ ചെയ്തില്ല. അവര്‍ക്കു കത്തയച്ചെങ്കിലും മറുപടിയും ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിന്റെ അന്വേഷണം ഇന്‍ഷുറന്‍സ് ഏജന്റിലേക്കു വരെ നീണ്ടുപോവുകയാണ്. അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റായ യുവതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. കേസില്‍ അറസ്റ്റിലായ എടത്തല സ്വദേശി സജിത്ത് ശ്യാമിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. ഇന്‍ഷുറന്‍സ് ഏജന്റായ കൊച്ചി സ്വദേശിയായ യുവതി സജിത്തിന്റെ അടുത്തബന്ധു കൂടിയാണ്.
അവയവ കച്ചവടത്തിനായി മനുഷ്യക്കടത്തിന്റെ അന്വേഷണത്തില്‍ വിദേശ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പങ്കുകൂടി വെളിപ്പെടുകയാണ് ഇതിലൂടെ. അവയവക്കച്ചവട റാക്കറ്റിനു വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് ഇന്‍ഷുറന്‍സ് കമ്പനി ഏജന്റുമാരാണ്. കേരളത്തിലെ ചില ആശുപത്രി ജീവനക്കാരും ഇതില്‍ പങ്കാളികളാണ്. അവയവ കച്ചവടത്തിനായി ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തി വന്നതിനു പുറമെ ചെലവു കുറഞ്ഞ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെ ആശുപത്രികളിലേക്കും ഇവര്‍ വിദേശികളായ രോഗികളെ എത്തിച്ചിട്ടുണ്ട്.
ഇവര്‍ക്കു വേണ്ടി അവയവ ദാതാക്കളെ റാക്കറ്റിന്റെ ഏജന്റുമാരാണ് കണ്ടെത്തി നല്‍കിയിരുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റാക്കറ്റിന്റെ കണ്ണികളാണ് അറസ്റ്റിലായതെങ്കിലും ഇവരെ ചോദ്യം ചെയ്തപ്പോഴാണു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കുള്ള പങ്കാളിത്തം അന്വേഷണ സംഘത്തിനു ലഭിക്കുന്നത്. റാക്കറ്റിന്റെ പ്രാദേശിക ഏജന്റിന്റെ ചതിയില്‍ കിഡ്‌നി നഷ്ടപ്പെട്ട യുവതിയുടെ വിശദമായ മൊഴി ഇന്റലിജന്‍സ് വിഭാഗം എടുത്തിട്ടുണ്ട്. ഏജന്റിന്റെ ലൈംഗീക പീഡനത്തിനും യുവതി ഇരയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി യുവതിയുടെ പരാതി പിന്‍വലിപ്പിക്കാനും ഏജന്റ് ശ്രമം നടത്തിയിരുന്നു.
അവയവ കച്ചവടത്തിനുള്ള രേഖകളെല്ലാം ഏജന്റുമാര്‍ വ്യാജമായി ഉണ്ടാക്കും. ആശുപത്രിയില്‍ രോഗികളുടെ ‘വ്യാജബന്ധുക്കളെയും’ ഹാജരാക്കും. ചില സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഇതിന് നേരെ കണ്ണടച്ച് ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ തുക ഈടാക്കും. അവയവത്തിന് 15 മുതല്‍ 20 ലക്ഷം വരെ വാഗ്ദാനമുണ്ടാകാം. 3 മുതല്‍ 10 ലക്ഷം വരെ കിട്ടിയവരുണ്ട്. മുഴുവന്‍ കിട്ടാതെ പറ്റിക്കപ്പെട്ടവരുമുണ്ട്. അടുത്ത ബന്ധുക്കള്‍ക്ക് അടിയന്തര സാഹചര്യത്തിലല്ലാതെ അവയവ കൈമാറ്റം നടത്തുന്നത് ലോകാരോഗ്യ സംഘടന വിലക്കുന്നുണ്ട്. ബന്ധുക്കള്‍ക്കാണ് നല്‍കുന്നതെങ്കിലും ദാതാവിന്റെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കരുതെന്നുണ്ട്. മരണ ശേഷമോ, മസ്തിഷ്‌ക മരണത്തെ തുടര്‍ന്നോ ബന്ധുക്കളുടെ സമ്മതത്തോടെയോ കൈമാറ്റമാകാമെന്നും സര്‍ക്കാര്‍ നിര്‍ദേശം. പക്ഷെ, ഇവിടെ നടക്കുന്നത് നഗ്നമായ കീറിമുറിക്കലും വെട്ടിമാറ്റലും പിന്നെ പറ്റിക്കലും മാത്രമാണ്.