പരമാനന്ദത്തോടെ ജീവാനന്ദം പ്രഖ്യാപിച്ച സര്‍ക്കാരിനു നേരെ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും. കൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് മുദ്രാവാക്യത്തില്‍ മാത്രമൊതുക്കി, മുതലാളി വര്‍ഗ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന്റെ ഇരുട്ടടിയേറ്റവര്‍ നിലവിളിക്കാന്‍ തുടങ്ങി. പുലി രുന്നേ പുല എന്നു പറഞ്ഞ് പറ്റിച്ചപ്പോഴൊക്കെയും ശരിക്കും പുലി വരുമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ കരുതിയില്ല. പക്ഷെ, ഇപ്പോള്‍ പുലി വന്നു കടിക്കുകയും ചെയ്തിരിക്കുന്നു.
ഇതെല്ലാം, തിരിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയെന്നാണ് ജീവനക്കാര്‍ പറയുന്നത്. അവരുടെ ആത്മ രോഷം അണപൊട്ടി ഒഴുകുകയാണ്. ജീവനക്കാരുടെ ഇടതു സംഘടനാ നേതാക്കള്‍ ന്യായീകരണങ്ങളും, ക്യാപ്‌സ്യൂളുകളും ഇറക്കുന്നുണ്ടെങ്കിലും അവരുടെ ഉള്ളിലും തീയാണ്. പക്ഷെ, പുറത്തു പറയാനോ കാണിക്കാനോ ഭയം. കാരണം, പാര്‍ട്ടീ വിരുദ്ധനും, കുലംകുത്തിയുമായിപ്പോകുമോ എന്ന ഉള്‍ഭയമാണ് അവരെ ഭരിക്കുന്നതു പോലും. എന്നാല്‍, രഹസ്യമായി അവരും സമ്മതിക്കുന്നുണ്ട്. ഇതിനേക്കാള്‍ ഭേദം കോണ്‍ഗ്രസ് മന്ത്രിസഭ തന്നെയെന്ന്.
സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. അത് വലിയ തീയായി മാറിയാല്‍ ഈ സര്‍ക്കാര്‍ വെന്തു വെണ്ണീറാവുകയേ ഉള്ളൂ. അത്തരമൊരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ആ പോസ്റ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും വൈറലായിക്കൊണ്ടിക്കുകയാണ്. ആ പോസ്റ്റിങ്ങനെ:
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരന്റെ അണ്ണാക്കിലേക്ക് മുളയാണി തിരുകിയിറക്കിയിട്ട് അവന്റെ ആര്‍ത്ത് വിളിയെ ചൂണ്ടി പൊതുസമൂഹത്തോട് പറയുന്നു ജീവാനന്ദം. സര്‍ക്കാര്‍ ജീവനക്കാരന്റെ 10 മുതല്‍ 20ശതമാനം വരെ ശമ്പളം കവര്‍ന്നെടുക്കാനുള്ള കള്ള വഴി വെട്ടുന്നവര്‍ സദ്‌സ്വഭാവ ചന്തയിലെ പോക്കറ്റടിക്കാരനേക്കാള്‍ തരം താണ് പോക്കറ്റടിക്കിട്ട പേരാണ് ബെസ്റ്റ്. ജീവാനന്ദം. ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചെടുത്ത് ഭരണിയിലിട്ട് സൂക്ഷിച്ച് ജീവനക്കാരന്‍ പെന്‍ഷനാകുമ്പോള്‍ നിലവിലും പെന്‍ഷനുള്ള ജീവനക്കാരന് ഒരു പെന്‍ഷന്‍ കൂടി കൊടുത്ത് വാര്‍ദ്ധക്യ ജീവിതം
സമ്പല്‍ സമൃദ്ധമാക്കണമെന്ന ഈ ഉത്തമ ചിന്താഗതിയിലൂടെയും വീണ്ടും വീണ്ടും നവഖേരളം പൂക്കുകയാണ്. നിലവിലെ ക്ഷാമബത്ത കുടിശ്ശിക 19ശതമാനം ആണ്. NPS പിന്‍വലിക്കുമെന്ന് പറഞ്ഞിട്ട് വര്‍ഷം എട്ടായി. പ്രഖ്യാപിച്ച 2ശതമാനം DAയുടെ 39 മാസത്തെ അരിയര്‍ ഇല്ലാതാക്കി. DAയുടെ പ്രാബല്യ തീയതി അട്ടിമറിച്ച് കേന്ദ്ര നിരക്കിലെ ക്ഷാമബത്താവകാശം ഇല്ലാതാക്കി. 2019ലെ ശമ്പള പരിഷ്‌കരണ അരിയര്‍ നാളിതുവരെ തന്നിട്ടില്ല. ഭവന വായ്പ ഇല്ലാതാക്കി.
നഗര ബത്ത ഇല്ലാതാക്കി. സര്‍വ്വീസ് വെയിറ്റേജ് ഇല്ലാതാക്കി. NPS ജീവനക്കാരുടെ Employer വിഹിതം എല്ലായിടത്തും 14ശതമാനം ഉളളപ്പോള്‍ ഇവിടെ മാത്രം 10ശതമാനം. NPS ജീവനക്കാര്‍ക്ക് ഇവിടെ മാത്രം DCRG ഇല്ല. മെഡിസെപ്പെന്ന പേരില്‍ നിര്‍ബന്ധിത പിരിവിന് വിധേയമാകുന്ന ജീവനക്കാരന് പ്രതിവര്‍ഷം നഷ്ടം 6000രൂപ. ശമ്പള പരിഷ്‌കരണത്തിന് കാലാവധിയായിട്ടും കമ്മീഷനില്ല. ആശ്രിത നിയമനം അട്ടിമറിയുടെ വക്കിലായി.
ഇങ്ങനെ ജീവനക്കാരന്‍ സിവില്‍ സര്‍വ്വീസിന്റെ ചരിത്രത്തില്‍ നാളിതുവരെ ഇല്ലാത്തവിധം പ്രതിസന്ധിയുടെ ശരശയ്യയില്‍ കിടന്ന് പൊള്ളി നോവുമ്പോള്‍, മാതാപിതാക്കളുടെ മരുന്നിന് കുഞ്ഞുങ്ങളുടെ പഠന ചെലവിന് മാസാവസാനം അക്ഷരാര്‍ത്ഥത്തില്‍ ഇരക്കേണ്ടി വരുമ്പോള്‍, അധികാരി വര്‍ഗ്ഗമേ, ജീവാനന്ദം പറഞ്ഞ് നിങ്ങളിങ്ങനെ പച്ചക്ക് ചോര കുടിക്കുന്നതിനേക്കാള്‍ നല്ലത് കൂട്ടത്തോടെ തീ കൊളുത്തി കൊല്ലുന്നതാണ്.
പക്ഷേ, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും, IAS/IPS/IFS ഓഫീസര്‍മാര്‍ക്കും, DAക്ക് കുടിശ്ശികയുമില്ല ശമ്പളത്തിന് തടസ്സവുമില്ല. താടിയുള്ളപ്പനെ പേടിയുണ്ട്. നമ്മളുടെ ചോറ്റു പാത്രത്തില്‍ സമ്മതമില്ലാതെ കൈയ്യേറി കൈയ്യിട്ട് വാരിയപ്പോഴൊക്കെ ചേര്‍ത്ത് പിടിക്കുന്നവരെന്ന് വാഴ്ത്ത് പാട്ട് പാടി ചെണ്ടകൊട്ടി കൂട്ടം കൂടിയവരേ…മസ്തിഷ്‌ക ജ്വരം മനസ് മറച്ചിട്ടില്ലെങ്കില്‍ കഴുത്തിലേക്കുള്ള കയറിന്റെ കുരുക്ക് നിങ്ങള്‍ക്കും ഏറെ അടുത്താണെന്നത് കണ്ണ് തുറന്ന് കാണുക.