മീന്‍ വിഭവങ്ങളില്‍ മിക്കവരുടെയും വീക്ക്‌നെസ്സാണ് ചെമ്മീന്‍ തീയല്‍. അതിലും മലയാളികള്‍ക്ക് വറുത്തരച്ച കൊഞ്ച് തീയല്‍ വല്ലാത്ത വീക്ക്‌നെസ്സാണ്. നല്ല തനി നാടന്‍ രീതിയില്‍ വറുത്തരച്ച കൊഞ്ച് തീയല്‍ വയ്ക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
ചെമ്മീന്‍ – 200 ഗ്രാം കഴുകി വൃത്തിയാക്കിയത്
വറ്റല്‍ മുളക് – 4 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
കുരുമുളക് – 1 ടിസ്പൂണ്‍
കറിവേപ്പില – 6 എണ്ണം
തേങ്ങാ – ചിരകിയത് അര മുറി
ഉലുവ – 6 എണ്ണം
മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍
മുളകുപൊടി – 1 ടിസ്പൂണ്‍
മല്ലിപൊടി – 1 ടിസ്പൂണ്‍
വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പം
തക്കാളി – 1 നീളത്തില്‍ അരിഞ്ഞത്
ചെറിയ ഉള്ളി – 12 എണ്ണം നീളത്തില്‍ അരിഞ്ഞത്
മുരിങ്ങക്ക – 1/2 രണ്ടായിപിളര്‍ന്നു നീളത്തില്‍ അരിഞ്ഞത്
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ആദ്യം തന്നെ വറ്റല്‍മുളക്, ചെറിയ ഉള്ളി, കുരുമുളക്, കറിവേപ്പില, തേങ്ങ, ഉലുവ എന്നീ ചേരുവകളെല്ലാം കൂടി ചെറുതീയില്‍ വറുക്കുക. തേങ്ങ നല്ല സ്വര്‍ണനിറം ആകുന്നതുവരെ വറുക്കണം. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നീ ചേരുവകള്‍ കൂടെ ചേര്‍ത്ത് രണ്ടുമിനിറ്റ് നേരം വറുത്ത ശേഷം അടുപ്പില്‍ നിന്നും വാങ്ങുക. വറുത്തെടുത്ത ചേരുവകള്‍ ചൂടാന്‍ വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ നിരത്തിയിട്ടാല്‍ പെട്ടെന്ന് ചൂടാറിക്കിട്ടും. ഇത് നന്നായി തണുത്തു കഴിഞ്ഞാല്‍ നെല്ലിക്കാ വലിപ്പത്തില്‍ വാളന്‍പുളി കൂടി എടുത്ത് രണ്ടും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ചേരുവകള്‍ ഒന്നു പൊടിഞ്ഞു കഴിഞ്ഞാല്‍ ഇതിലേക്ക് കുറച്ചു വെള്ളം ചേര്‍ത്ത് നല്ല കുഴമ്പുരൂപത്തില്‍ വേണം അരച്ചെടുക്കാന്‍.
ഇനി പാചകത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കാം. ഒരു മണ്‍ചട്ടിയില്‍ ചെറുതീയില്‍ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടായാല്‍ ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ തക്കാളിയും നീളത്തില്‍ അരിഞ്ഞ ചെറിയുള്ളിയും രണ്ടായി പിളര്‍ന്ന് നീളത്തില്‍ മുറിച്ചെടുത്ത മുരിങ്ങയ്ക്കയും കൂടി ചേര്‍ത്ത് നന്നായി വഴറ്റുക. തക്കാളിയുടെ പുറംതൊലി വിട്ടുമാറുന്നതുവരെ വഴറ്റണം. ഇനി നേരത്തേ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കാം. വെന്തു വരുമ്പോഴേക്കും കൊഞ്ച് ചുരുങ്ങിത്തുടങ്ങും. ഈ സമയം നേരത്തേ അരച്ചു വെച്ചിരിക്കുന്ന മസാലക്കൂട്ട് മീനിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഏകദേശം ഇരുപതു മിനിറ്റ് നേരം ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണം. കറി നല്ലതു പോലെ തിളപ്പിക്കണം. കറി നന്നായി തിളച്ചു കഴിഞ്ഞാല്‍ ഉപ്പു നോക്കി ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കാം. ഒരു ഭംഗിക്ക് കുറച്ചു കറിവേപ്പില കൂടി കറിയുടെ മുകളില്‍ വിതറിയിട്ട് തീ അണക്കാം. തനി നാടന്‍ വറുത്തരച്ച ചെമ്മീന്‍ തീയല്‍ തയ്യാര്‍.