മുംബൈ : നടി രവീണ ടണ്ടന്റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടര്‍ന്ന് നാട്ടുകാര്‍ രവീണയെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
ബാന്ദ്ര റിസ്വി കോളജിന് സമീപത്തുള്ള കാര്‍ട്ടര്‍ റോഡിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന് തൊട്ടുപിന്നാലെ കാറില്‍ നിന്നിറങ്ങുമ്പോള്‍ രവീണ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അശ്രദ്ധമായി ഡ്രൈവ് ചെയ്തതിനെ ചോദ്യം ചെയ്തപ്പോള്‍ രവീണ അപമാനിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
തന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെന്ന് പരിക്കേറ്റ സ്ത്രീ പറയുന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിങ്ങള്‍ ഈ രാത്രി ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഇവര്‍ രവീണയോട് പറയുന്നുണ്ട്. രവീണയുടെ ഡ്രൈവര്‍ തന്റെ ബന്ധുവിനേയും അമ്മയേയും ആക്രമിച്ചെന്നും അമ്മയ്ക്ക് തലയ്ക്ക് മുറിവേറ്റെന്നും പരിക്കേറ്റ മൊഹ്‌സിന്‍ ഷെയ്ഖ് എന്നയാള്‍ പ്രതികരിച്ചു. സമീപത്തെ ഖര്‍ പൊലീസ് സ്റ്റേഷനില്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ നാലു മണിക്കൂര്‍ കാത്തുനിര്‍ത്തിച്ചെന്നും പരാതി ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷനുപുറത്തുവെച്ചുതന്നെ പ്രശ്‌നം പരിഹരിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും നീതി വേണമെന്നും പരാതിക്കാരന്‍ പറഞ്ഞു. പുറത്തു വന്ന വീഡിയോയില്‍ തന്നെ തള്ളരുതെന്നും ദേഹോപദ്രവം ഏല്‍പ്പിക്കരുതെന്നും രവീണ പറയുന്നതായും ഉണ്ട്. നടിയുടെ കാര്‍ പരിക്കേറ്റെന്നു പറയുന്ന ആളെ തൊട്ടിട്ടുപോലുമില്ല. ജനക്കൂട്ടം കാര്‍ തടഞ്ഞ് ഡ്രൈവറോട് പുറത്തിറങ്ങാനും തങ്ങളോട് സംസാരിക്കാനും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത സുരക്ഷയുടെ പ്രശ്‌നമാണിതെന്നും അവര്‍ വ്യക്തമാക്കി. രവീണയുടെ ഭാഗത്തുനിന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നുള്ള വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.