ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ, പ്രത്യേകിച്ചും ചെറുപയർ. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയർ. ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതിയാകും. തനി നാടൻ പയറിട്ടു വച്ച ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
നെയ്യ് – ഒരു ടേബിൾ സ്പൂൺ
ചെറുപയർ പരിപ്പ് – കാൽ കപ്പ്
പൊന്നിയരി കഴുകിയത് – ഒരു കപ്പ്
വെള്ളം – രണ്ട് കപ്പ്
ഉപ്പ് – പാകത്തിന്
കശുവണ്ടിപ്പരിപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത്) – കാൽ കപ്പ്
കുരുമുളക്- കാൽ ടേബിൾ സ്പൂൺ
ജീരകം- കാൽ ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അര ടേബിൾ സ്പൂൺ നെയ്യ് കുക്കറിലൊഴിച്ച് ചൂടാക്കി അതിലേക്ക് ചെറുപയർ പരിപ്പ് ചേർത്ത് മൂന്ന് മിനിറ്റ് ഇളക്കി വറുക്കുക. ശേഷം അരിയും ഉപ്പും വെള്ളവും ചേർത്തിളക്കി ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ബാക്കിയുള്ള നെയ്യ് ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ജീരകം കുരുമുളക് എന്നിവയും വറുക്കുക. കുക്കർ തുറന്ന് വറുത്തു വച്ചിരിക്കുന്നവ ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.