മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹൻലാലും ശ്രീനിവാസനും. ഇവർ ഒരുമിച്ച് എത്തിയപ്പോഴെല്ലാം പ്രേക്ഷകർ ആഘോഷമാക്കി. എന്നാൽ ഏറെക്കാലമായി ഇവർ ഒരുമിച്ച് സിനിമകൾ ചെയ്യാറില്ല. സരോജ് കുമാർ എന്ന സിനിമയിൽ മോഹൻലാലിനെ പരിഹസിച്ചതിന് പിന്നാലെയാണ് ഇവർ സിനിമകൾ ചെയ്യാതായത് എന്നും അഭ്യൂഹങ്ങളുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളാൽ സിനിമകളിൽ നിന്നും മാറി നിൽക്കുകയായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസൻ വീണ്ടും സിനിമാ രംഗത്ത് സജീവമാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ഇവർ ഒരുമിച്ച് എത്തിയപ്പോഴെല്ലാം പ്രേക്ഷകർ ഇവ വൻ വിജയമാക്കി. എന്നാൽ മോഹൻലാലിന്റെ ഹിറ്റ് സിനിമ രസതന്ത്രത്തിൽ ശ്രീനിവാസനെ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ .
ശ്രീനിവാസനെ രസതന്ത്രത്തിലേക്ക് കൊണ്ട് വരാതിരുന്നത് പ്രേക്ഷകരുടെ പ്രതീക്ഷ കൂടിപ്പോകും എന്നതിനാലാണെന്ന് സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കി. ഈ കഥയിൽ ശ്രീനിവാസന് ചെയ്യാവുന്ന വേഷം ഇല്ല.
ഏത് വേഷം വേറെ ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരും. ശ്രീനിവാസനെ വെച്ച് ഇനിയും സിനിമകൾ ചെയ്യാം. താനും ശ്രാനിവാസനും മോഹൻലാലും ഒരുമിച്ചുള്ള സിനിമകൾ ഇനിയുമുണ്ടാകാമെന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കി. രസതന്ത്രം സിനിമയുണ്ടായതിന് പിന്നിലെ കഥയും അന്ന് സത്യൻ അന്തിക്കാട് പങ്കുവെച്ചു.
നല്ല സിനിമകളുണ്ടാകുന്നത് ജീവിതത്തിലെ സത്യങ്ങളിൽ നിന്നാണ്. ഒരു കാർപെന്ററുടെ വേഷത്തിൽ മോഹൻലാൽ വന്നാൽ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ട് കുറേ കൊല്ലങ്ങളായി. മോഹൻലാലിനോട് പറഞ്ഞപ്പോൾ സുരേഷ് കുമാർ എന്ന് പേരിടാമെന്ന് പറഞ്ഞു. ആ സമയത്താണ് പത്രങ്ങളിൽ ബാല വേലയ്ക്ക് അന്യ നാട്ടിൽ നിന്നും കുട്ടികളെ വേലയ്ക്ക് കൊണ്ട് വരുന്ന വാർത്ത കണ്ടത്. ഇത് നമ്മളെ വേദനിപ്പിക്കും. ഈ ക്യാരക്ടർ കൂടി കിട്ടിയപ്പോഴാണ് രണ്ടും കൂടെ കണക്ട് ചെയ്യാൻ നമുക്ക് ഫീൽ ചെയ്യുന്നത്. സത്യമുള്ള സിനിമകൾ പരാജയപ്പെടാൻ വലിയ ബുദ്ധിമുട്ടാണെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.
രസതന്ത്രത്തെക്കുറിച്ച് അന്ന് മോഹൻലാലും സംസാരിച്ചു. ഈ സിനിമയുടെ ആഴത്തിലേക്ക് പോയാൽ ഹ്യൂമറോ സീരിയസ് സിനിമയായോ ഞാൻ കാണുന്നില്ല. ഇതിന്റെ ഏറ്റവും വലിയ അംശം എന്നത് സ്നേഹം തന്നെയാണ്. സ്നേഹം അർഹിക്കുന്നവരും നിഷേധിക്കപ്പെട്ടവരുമുണ്ട്. അവർ കൂടിച്ചേരുന്ന സിനിമയാണ്. സ്നേഹം എന്നതിന്റെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നു എന്നതായിരിക്കാം ഈ സിനിമയുടെ വിജയമെന്ന് മോഹൻലാൽ വ്യക്തമാക്കി.
മുമ്പൊരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാടും മോഹൻലാലും ഇക്കാര്യങ്ങൾ സംസാരിച്ചത്.