മുൻ പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിനെ രാജ്യത്തിന്റെ പുതിയ കിരീടാവകാശിയായി നാമനിർദേശം ചെയ്തുകൊണ്ട് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ശനിയാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. കുവൈത്ത് ഭരണഘടന പ്രകാരം, 1896 നും 1915 നും ഇടയിൽ കുവൈത്ത് ഭരിച്ച ശൈഖ് മുബാറക് അൽ-കബീറിന്റെ പിൻഗാമികളിൽ നിന്നുള്ളവരായിരിക്കണം അമീറും കിരീടാവകാശിയും.
കുവൈത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശൈഖ് സബാഹ് അൽ ഖാലിദ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998-ൽ അവസാനിച്ച കുവൈത്ത് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ തലവനായി അദ്ദേഹം നിയമിതനായി. 2006 ജൂലൈയിൽ സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായി അദ്ദേഹം തന്റെ ആദ്യ മന്ത്രിസ്ഥാനം ഏറ്റെടുത്തു. പിന്നീട് വാർത്താവിതരണ, നീതിന്യായ, ഇസ്ലാമിക കാര്യങ്ങളുടെ മന്ത്രിയായി.