നോൺ വെജ് കഴിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താറാവ് റോസ്റ്റ്. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഇത്. കൊതിയൂറും താറാവ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- താറാവ് – 12 മുതല്‍ 15 വരെ കഷണങ്ങളാക്കിയത്
- ഇഞ്ചി – 3 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത് – 12 എണ്ണം
- പച്ചമുളക് നുറുക്കിയത് – 6 എണ്ണം
- കറിവേപ്പില – 12 എണ്ണം
- വിനാഗിരി – 3 ടേബിള്‍ സ്പൂണ്‍
- കുരുമുളക് ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – പാകത്തിന്
- വെളിച്ചെണ്ണ – 1/2 കപ്പ്
- സവാള (അരിഞ്ഞത്) – 4 എണ്ണം
മസാലയ്ക്ക്
- ഏലയ്ക്ക – 6 എണ്ണം
- ഗ്രാമ്പൂ – 5 എണ്ണം
- കറുവപ്പട്ട – 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ചെറിയ ഉരുളിയില്‍ മസാലകളിട്ട് ചൂടാക്കിയ ശേഷം അത് നന്നായി പൊടിക്കുക. ശേഷം പൊടിച്ചുവച്ച മസാല താറാവ് കഷ്ണങ്ങളിൽ നല്ലവണ്ണം പിടിക്കുംവിധം ചേർത്തുവയ്ക്കുക. അടുത്ത ഘട്ടത്തിൽ എണ്ണയും സവാളയും ഒഴികെയുള്ള എല്ലാ ചേരുവയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. ഇത് വെന്ത് കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കുക.
ശേഷം മറ്റൊരു വലിയ ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി കോരിമാറ്റുക. അതേ എണ്ണയില്‍ തന്നെ താറാവ് കഷ്ണങ്ങള്‍ വറുത്തുകോരി നേരത്തെ വാങ്ങിവെച്ച ചാറും ചേര്‍ത്ത് 2 മിനിറ്റ് കൂടി വേവിക്കുക. കുറുകി വരുമ്പോള്‍ വാങ്ങിവയ്ക്കാം. താറാവ് റോസ്റ്റ് റെഡിയായി.