ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ, ഡല്‍ഹി റോസ് അവന്യു കോടതി ജൂണ്‍ അഞ്ചുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. മൂന്നുമണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കെജ്‌രിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമാണ് തിഹാര്‍ ജയിലിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം പാര്‍ട്ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരേയും നേതാക്കളേയും കണ്ടു.
എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും ജൂൺ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു.
സുപ്രീംകോടതിക്ക് നന്ദിയെന്ന് പ്രതികരിച്ച അരവിന്ദ് കെജ്രിവാൾ ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അണികളോട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പ്രചാരണം നടത്തിയത്. ജയിൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല. എൻ്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. മദ്യനയത്തിലെ 100 കോടി രൂപ എവിടെ പോയിയെന്നും അദ്ദേഹം ചോദിച്ചു.
ഭാര്യ സുനിതാ കെജ്‌രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗെഹ്‌ലോത്ത്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എം.പിമാരായ സഞ്ജയ് സിങ്, സന്ദീപ് പഥക്, നേതാക്കളായ ദുര്‍ഗേഷ് പഥക്, രാഖി ബിര്‍ല, റീന ഗുപ്ത എന്നിവരും കെജ് രിവാളിനൊപ്പം ഉണ്ടായിരുന്നു. രാജ്ഘട്ടിന് പുറത്ത് കെജ്‌രിവാളിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റുചെയ്തു നീക്കി. കരിങ്കൊടിയുമായി വനിതാ പ്രവര്‍ത്തകരടക്കം കെജ്‌രിവാളിനെതിരെ പ്രതിഷേധിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ച ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അരവിന്ദ് കെജ്‌രിവാൾ കീഴടങ്ങുന്നത്. മേയ് 10നാണ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യനില പരിഗണിച്ച് ജാമ്യകാലാവധി നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹരജി കോടതി പരിഗണിച്ചില്ല. സ്ഥിര ജാമ്യത്തിനായി കെജ്രിവാൾ നൽകിയ ഹരജിയിൽ ഡൽഹി റോസ് അവന്യു കോടതി ജൂൺ അഞ്ചിന് തുടർവാദം കേൾക്കും.