മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഹമാസിനെ പൂർണമായും തുരത്തുന്നതു വരെ ഗസ്സയിൽ സുസ്ഥിര വെടിനിർത്തൽ സാധ്യമല്ലന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം യു.എസ് നീക്കത്തിന് തിരിച്ചടിയാണ്.
എന്നാൽ, ഇസ്രായേൽ പ്രതിപക്ഷവും മന്ത്രിമാരിൽ ഒരു വിഭാഗവും വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം നടപ്പാക്കണം എന്ന നിലപാടിലാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഈജിപ്ത്, ഖത്തർ നേതാക്കളുമായി ഇന്നലെ ടെലിഫോണിൽ സംസാരിച്ചു. മധ്യസ്ഥനീക്കം ശക്തമാക്കി ഗസ്സയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം എന്നാണ് ആൻറണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്.