മുംബൈ: പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ബോംബ് ഭീഷണി. 294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളിൽ നിന്നാണ് ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തിയത്.
ജീവനക്കാരാണ് കുറിപ്പ് കണ്ടെത്തുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിംഗ് നടത്തി.
അതേസമയം സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ബോംബ് ഭീഷണി വിസ്താര എയര്‍ലൈന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവരം ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജന്‍സികളുമായി തങ്ങള്‍ പൂര്‍ണമായി സഹകരിച്ചുവെന്നും വിസ്താര വ്യക്തമാക്കി.