പൂനെ: പൂനെയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ പോർഷെ അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി 17കാരനായ പ്രതി. അപകടം നടക്കുന്ന മെയ് 19ന് നന്നായി മദ്യപിച്ചിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. നടന്ന സംഭവങ്ങൾ കൃത്യമായി ഓർമയില്ലെന്നും കുട്ടി പൂനെ പൊലീസിന് മൊഴി നൽകി.
ശനിയാഴ്ച 17കാരന്റെ അമ്മയുടെ സാന്നിധ്യത്തിലാണ് പൊലീസ് കുട്ടിയെ ചോദ്യം ചെയ്തത്. അസിസ്റ്റന്റ് കമ്മിഷണർ സുനിൽ താംബെയും ജില്ലാ ശിശുസംരക്ഷണ ഓഫീസറും ചോദ്യം ചെയ്യലിനുണ്ടായിരുന്നു. മദ്യപിച്ചിരുന്നു എന്നതല്ലാതെ കൂടുതൽ കാര്യങ്ങളൊന്നും കുട്ടിയിൽ നിന്ന് ലഭ്യമായിട്ടില്ല. സംഭവം നടന്ന ദിവസം 17കാരനും സുഹൃത്തുക്കളും രണ്ട് പബ്ബുകളിലായി 48000 രൂപയുടെ ബിൽ അടച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം അപകടത്തിനുശേഷമുള്ള രക്ത പരിശോധനക്ക് തൻറെ രക്തം മാറ്റി നൽകിയെന്ന് ചൂണ്ടിക്കാട്ടി കൗമാരക്കാരന്റെ അമ്മയെ പൂണെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരൻറെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപെട്ടുവെന്ന് ആശുപത്രി ഡീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അപകടം നടന്നതിന് പിന്നാലെ ഉത്തരവാദിത്തമേറ്റെടുക്കാൻ തന്നെ കുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബ ഡ്രൈവർ നേരത്തേ മൊഴി നൽകിയിരുന്നു. 17കാരനാണ് വണ്ടി ഓടിച്ചതെന്ന് പുറത്തറിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കുട്ടിയുടെ മുത്തച്ഛൻ ഭീഷണിപ്പെടുത്തിയതായായിരുന്നു ഇയാൾ പൊലീസിന് നൽകിയ മൊഴി.
ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് 17കാരന്റെ മുത്തച്ഛൻ സുരേന്ദ്ര കുമാർ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമേൽക്കാൻ ഡ്രൈവറെ നിർബന്ധിച്ചതിനും ഇയാളെ വീട്ടുതടങ്കലിൽ വച്ചതിനുമാണ് അറസ്റ്റ്.
മേയ് 19 ഞായാറാഴ്ച പുലർച്ചെ 3.15നാണ് പുണെയിൽ രണ്ടു പേർ കൊല്ലപ്പെട്ട കാറപകടം ഉണ്ടായത്. 12-ാം ക്ലാസ് വിജയിച്ചതിൻറെ ആഘോഷം നടത്തി പബ്ബിൽനിന്നും മദ്യപിച്ച് ലക്കുകെട്ട് മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ 17കാരൻ കാറോടിക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഐ.ടി. പ്രൊഫഷണലുകളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്.