ചലച്ചിത്ര നിരൂപണം പഠിച്ചിട്ട് ചെയ്യേണ്ട ഒരു ജോലിയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ശ്രീ മുത്തപ്പൻ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യു പ്രതികരിച്ചത്. ആദ്യ ദിവസം തന്നെ ചലച്ചിത്ര നിരൂപണം നടത്തുന്നവർ പ്രതിഭകൾ അല്ലെന്നും പ്രതിഭാ ശൂന്യർ ആണെന്നും ജോയ് മാത്യു പറയുന്നു.
‘ചലച്ചിത്ര നിരൂപണം പഠിച്ചിട്ട് ചെയ്യേണ്ട ഒരു ജോലിയാണ്. ചരിത്ര അധ്യാപകന് ചരിത്രം അറിഞ്ഞിരിക്കണം, ഇംഗ്ലീഷ് പഠിപ്പിക്കുന്നയാൾക്ക് ഇംഗ്ലീഷും അറിഞ്ഞിരിക്കണം. എന്നാൽ സിനിമയിൽ ചാൻസ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ നിരാശരായ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടൻമാരെയും കണ്ടിട്ടുണ്ട്’ എന്നായിരുന്നു ജോയ് മാത്യുവിന്റെ പരാമർശം.
ഇത്തരക്കാരെ കൈയിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും തോന്നിയിട്ടുള്ളതെന്നും, എന്നാൽ നമുക്കത് ചെയ്യാൻ കഴിയില്ലലോ എന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. ആദ്യ ദിവസം തന്നെ ചലച്ചിത്ര നിരൂപണം നടത്തുന്നതിനെയും ജോയ് മാത്യു നിശിതമായി വിമർശിച്ചു. അത്തരക്കാർ പ്രതിഭകൾ അല്ലെന്നും പ്രതിഭാ ശൂന്യർ ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
‘സിനിമയുടെ ചരിത്രം, സിനിമയുണ്ടാക്കുന്ന ഇംപാക്റ്റ്, അതിന്റെ മൂല്യങ്ങൾ, അതിന് വേണ്ടി ആളുകൾ എടുക്കുന്ന പരിശ്രമങ്ങൾ ഇതൊന്നും കാണാതെ അവനവന്റെ അപകർഷതാ ബോധം മറച്ചുവച്ച് നിരൂപണം നടത്തുക എന്നത് മഹാ തോന്ന്യാസമാണ്. ഒരിക്കലും അതിനെ നിരൂപണമെന്ന് പറയാൻ കഴിയില്ല, അത് ആക്രോശമോ മറ്റെന്തോ ആണ്’ ജോയ് മാത്യു തുറന്നടിച്ചു.
‘സിനിമ ഒരു ഗൗരവമുള്ള കലാരൂപമാണെന്ന് മനസിലാക്കണം. ഒരു ബുക്ക് ആരും പിറ്റേന്ന് തന്നെ നിരൂപണം നടത്താറില്ല. സിനിമ റിവ്യൂ ചെയ്യാൻ വളരെ എളുപ്പമാണ്. വെറും രണ്ട് മണിക്കൂർ മാത്രം ചെലവഴിച്ചാൽ മതിയാകും അതിന്. ഇത്തരം റിവ്യൂകൾ ചെയ്‌താൽ കുറെ പണം കിട്ടും. ഇവർ മറ്റുള്ളവരുടെ ഉച്ചിഷ്‌ടം ഭക്ഷിക്കുകയാണ്, ചില ചാനലുകളും അങ്ങനെയാണ്’ ജോയ് മാത്യു പറഞ്ഞു.